ലോകത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: പ്രസ്താവനയുമായി ജർമനിയുടെ ലോകകപ്പ് ഹീറോ
Football
ലോകത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: പ്രസ്താവനയുമായി ജർമനിയുടെ ലോകകപ്പ് ഹീറോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th August 2024, 10:35 am

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് ജര്‍മന്‍ സൂപ്പര്‍ താരം മരിയോ ഗോട്‌സെ. മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നാണ് ജര്‍മന്‍ താരം പറഞ്ഞത്. ട്രാന്‍സ്ഫര്‍മാര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗോട്‌സെ.

‘മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, അദ്ദേഹം എം.എല്‍.എസില്‍ ഇന്റര്‍ മയമിക്ക് വേണ്ടി മികച്ച പ്രകടമാണ് നടത്തുന്നത്. മാത്രമല്ല, അദ്ദേഹത്തിന് ഇതൊരു നല്ല നീക്കമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ പോവുന്ന എല്ലാ താരങ്ങള്‍ക്കും ഇത് വലിയൊരു വിജയ സാഹചര്യമാണെന്ന് ഞാന്‍ കരുതുന്നു,’ ഗോട്‌സെ പറഞ്ഞു.

2014ലെ ജര്‍മനിയുടെ ലോകകപ്പ് ഹീറോയാണ് ഗോട്‌സെ. 2014ല്‍ ബ്രസീലില്‍ വെച്ച് നടന്ന ലോകകപ്പില്‍ ഫൈനലില്‍ അര്‍ജന്റീനക്കെതിരെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിക്കൊണ്ടായിരുന്നു ഗോട്‌സെ ജര്‍മനിക്കായി നാലാം ലോക കിരീടം നേടിക്കൊടുത്തത്.

നിലവില്‍ താരം ജര്‍മന്‍ ക്ലബ്ബായ ഫ്രാങ്ക്ഫര്‍ട്ടിന് വേണ്ടിയാണ് കളിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടിന് വേണ്ടി 89 മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളും 13 അസിസ്റ്റുകളുമാണ് ഗോട്‌സെ നേടിയത്.

നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തിൽ നേടിയത്.

നിലവില്‍ പരിക്കിന്റെ പിടിയിലായതുകൊണ്ട് മെസിക്ക് ഇന്റര്‍മയാമിക്കൊപ്പമുള്ള കഴിഞ്ഞ കുറച്ചു മത്സരങ്ങള്‍ നഷ്ടമായിരുന്നു. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ആയിരുന്നു മെസിക്ക് പരിക്ക് പറ്റിയത്.

കൊളംബിയക്കെതിരെയുള്ള കലാശ പോരാട്ടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മെസി മത്സരം പൂര്‍ത്തിയാക്കാതെ കളം വിടുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ ലൗട്ടാരൊ മാര്‍ട്ടിനസിന്റെ ഗോളിലൂടെ അര്ജന്റീന കിരീടം നേടുകയായിരുന്നു.

 

Content Highlight: Mario Gotze Talks About Lionel Messi