Football
ചാമ്പ്യന്‍സ് ലീഗ് ഇല്ലാത്തവനെ കളിയാക്കുന്ന സ്‌റ്റോറിയോ? ഇബ്രഹാമോവിച്ചിനുള്ള ബലൊട്ടലിയുടെ മറുപടി ശ്രദ്ധനേടുന്നു
ഈയടുത്ത് സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രഹാമോവിച്ച് ഇറ്റലി താരമായ മരിയോ ബലൊട്ടലിയെ വിമർശിച്ചിരുന്നു. ബലൊട്ടലിക്ക് നിരവധി അവസരങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം അവൻ നഷ്ടപ്പെടുത്തിയെന്നുമായിരുന്നു ഇബ്രയുടെ വിമർശനം.
ലാ ഗസറ്റ ഡെല്ലോ സ്പോർട്സ് സംഘടിപ്പിച്ച ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു സ്ലാട്ടൻ.
‘ഒരാൾക്ക് തന്റെ കഴിവുകൾ പുറത്തെടുക്കാൻ അവസരങ്ങളുണ്ടായിട്ടും അതൊന്നും ഉപയോഗപ്പെടുത്താതിരിക്കുന്നത് തീർത്തും ദയനീയമായ അവസ്ഥയാണ്. ബലൊട്ടലിക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചു. എന്നാൽ അവയെല്ലാം അവൻ നഷ്ടപ്പെടുത്തി. അവൻ തന്റെ കഴിവ് ഇല്ലാതാക്കി’, ഇബ്രഹാമോവിച്ച് പറഞ്ഞു.
ഇപ്പോഴിതാ ഈ വിമർശനത്തിനെതിരെ പ്രതികരിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് മരിയോ ബലൊട്ടലി.
2009-10 ചാമ്പ്യൻസ് ലീഗ് സീസണിൽ ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാനൊപ്പം നേടിയ ചാമ്പ്യൻസ് ലീഗ് കിരീടം തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരത്തിന്റ പ്രതിഷേധം. ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തുന്ന ബലൊട്ടലിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇബ്രഹാമോവിച്ചിനെ മെൻഷൻ ചെയ്ത് സ്റ്റോറി ആക്കുകയാണ് താരം ചെയ്തത്.
യൂറോപ്പിലെ പല ലീഗുകളിൽ നിരവധി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ഒരു ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ കഴിയാത്ത ഇബ്രഹാമോവിച്ചിന് കടുത്ത തിരിച്ചടിയാണ് ഈ സ്റ്റോറി.
നിലവിൽ ബലൊട്ടലി ടർക്കിഷ് ലീഗിൽ ഡെമിർസ്‌പോറിനായി ആണ് കളിക്കുന്നത്. യൂറോപ്പിൽ പല ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച ബലോട്ടലി 474 മത്സരങ്ങളിൽ നിന്നും 201 ഗോളുകളും 43 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
Content Highlight: Mario Balottelli reacts against Zlaten Ibrahimovic criticism against him.