ട്രെന്റോ: ഫുട്‌ബോള്‍ മൈതാനങ്ങളിലെ വംശീയാധിക്ഷേപത്തിന് ഒരുകാലത്തും കുറവുണ്ടായിട്ടില്ല. 2019 ആയിട്ടും ദിനംപ്രതി അതു വര്‍ധിക്കുക മാത്രമാണു ചെയ്യുന്നത്. അതുതന്നെയാണു ഞായറാഴ്ച ട്രെന്റോയിലെ സ്റ്റാഡിയോ ബ്രിയാമസ്‌കോ സ്‌റ്റേഡിയത്തിലും നടന്നത്. ഇറ്റാലിയന്‍ താരം മരിയോ ബലോട്ടെല്ലിയുടെ കളിമികവുകള്‍ക്കും തടുത്തുനിര്‍ത്താനാവാത്ത വംശീയാധിക്ഷേപത്തിനാണ് ഇന്നലെ ഫുട്‌ബോള്‍ ലോകം സാക്ഷിയായത്.
വെറോണ-ബ്രെസ്സിയ മത്സരത്തിനിടെ ബ്രെസ്സിയ താരമായ ബലോട്ടെല്ലിക്കെതിരെ വെറോണ കാണികള്‍ വംശീയത നിറഞ്ഞ മുറവിളികള്‍ നടത്തിയതോടെയാണ് താരത്തിനു നിയന്ത്രണം നഷ്ടപ്പെട്ടതും മൈതാനത്തു നിന്നു പന്ത് കാണികള്‍ക്കിടയിലേക്ക് അടിച്ചുതെറിപ്പിച്ചതും.
സംഭവം എന്തെന്നറിയാതെ എതിര്‍താരങ്ങള്‍ റഫറിയോട് കാര്‍ഡിനായി അപ്പീല്‍ ചെയ്തപ്പോള്‍ എന്തു നടപടി നേരിടാനും തയ്യാറായി, ആരെയും വകവെയ്ക്കാതെ ബലോട്ടെല്ലി നടന്നുപോകുന്നത് ഈ വാര്‍ത്തയ്ക്കു താഴെ നല്‍കിയിരിക്കുന്ന വീഡിയോയില്‍ കാണാം.
ഒടുവില്‍ കാര്യമിതാണെന്നു മനസ്സിലാക്കി സഹതാരങ്ങള്‍ ചെന്ന് ബലോട്ടെല്ലിയെ ആശ്വസിപ്പിച്ചു. കളിക്കാന്‍ തയ്യാറാകാതെ അദ്ദേഹം പുറത്തുപോകാന്‍ തയ്യാറായിനിന്ന കാഴ്ചകണ്ട് റഫറി ഏറെനേരം മത്സരം നിര്‍ത്തിവെച്ചു.
ഒടുവില്‍ ഇനിയും ഇങ്ങനെയുണ്ടായാല്‍ മത്സരം നിര്‍ത്തിവെയ്ക്കുമെന്ന് ലൗഡ്‌സ്പീക്കര്‍ വഴി അറിയിച്ചതിനു ശേഷമാണ് അദ്ദേഹത്തെ സമാധാനിപ്പിച്ച് കളിക്കളത്തിലേക്കു തിരികെക്കൊണ്ടുവന്നത്.
54-ാം മിനിറ്റില്‍ തന്റെ ഹൃദയം തകര്‍ത്ത സംഭവത്തോടെ മത്സരത്തില്‍ പക്ഷേ 85-ാം മിനിറ്റില്‍ ഒരു ഗോളിലൂടെ അദ്ദേഹം മറുപടി നല്‍കി. എന്നാല്‍ രണ്ടു ഗോളടിച്ച എതിരാളികള്‍ക്കൊപ്പമായിരുന്നു മത്സരഫലം. ബ്രെസ്സിയ ഏക ഗോളും ബലോട്ടെല്ലിയുടെ വകയായിരുന്നുവെന്നതൊരു കാവ്യനീതിയായി.
ഒടുവില്‍ മത്സരശേഷം കാണികളെ കുറ്റപ്പെടുത്താന്‍ നില്‍ക്കാതെ ആ താരം തന്നെ പിന്തുണച്ചവര്‍ക്കു നന്ദി പറയുക മാത്രമാണു ചെയ്തത്. ‘എന്നോട് കളിക്കളത്തിന് അകത്തും പുറത്തും ഐക്യപ്പെട്ട എല്ലാ സഹതാരങ്ങള്‍ക്കും മെസ്സേജുകള്‍ അയച്ച ആരാധകര്‍ക്കും നന്ദി.’- അദ്ദേഹം പോസ്റ്റ് ചെയ്തതിങ്ങനെ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ബലോട്ടെല്ലിയുടെ രോഷത്തിനും കേട്ട വംശീയാധിക്ഷേപത്തിനും ഒരു വിലയും കല്‍പ്പിക്കാതെയായിരുന്നു വെറോണ പരിശീലകന്‍ ഇവാന്‍ ജൂറിച്ചിന്റെയും ക്ലബ്ബ് പ്രസിഡന്റ് മൗറീഷ്യോ സേട്ടിയുടെയും പ്രതികരണങ്ങള്‍.
താന്‍ വംശീയാധിക്ഷേപങ്ങളൊന്നും കേട്ടിട്ടില്ലെന്നും അങ്ങനെയുണ്ടെന്നു പറയുന്നതു നുണയാണെന്നുമായിരുന്നു ജൂറിച്ച് പറഞ്ഞത്. അതേസമയം ഇരുപതിനായിരത്തോളം വരുന്ന കാണികളില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമായിരിക്കാം അങ്ങനെ പറഞ്ഞതെന്നു പറഞ്ഞ് സേട്ടി അതിനോടു മൃദുസമീപം പുലര്‍ത്തി.