റോം: സ്‌ട്രൈക്കര്‍ മരിയോ ബലോട്ടെല്ലിക്കെതിരെ വംശീയാധിക്ഷേപം. എ.സി മിലാനിലേക്ക് കൂറുമാറിയെത്തിയ മരിയോ ഉഡിനെസിനെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയിരുന്നു.
ഈ വിജയത്തിനുശേഷം എ.സി മിലാന്റെ വൈസ് പ്രസിഡന്റും മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ സഹോദരനുമായ പവ്‌ലോ ബര്‍ലുസ്‌കോണി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മരിയോയെ വംശീയമായി അധിക്ഷേപിച്ചത്.[]
“ഞങ്ങളുടെ കുടുംബത്തിലെ കറുത്ത കുഞ്ഞുമുഖം ” എന്നാണ് മരിയോയെ ക്ലബ്ബ് വൈസ് പ്രസിഡന്റു വിശേഷിപ്പിച്ചത്. ഇത് ലാ റിപ്പബ്ലിക്ക് ദിനപത്രം പ്രസിദ്ധീകരിച്ചതോടെ വിവാദമാകുകയായിരുന്നു.
ഘാന ദമ്പതികള്‍ക്ക് ജനിച്ച മരയോ ബല്ലോട്ടെല്ലിയെ ഇറ്റാലിയന്‍ ദമ്പതികള്‍ ദത്തെടുത്തതോടെയാണ് ഈ സ്‌ട്രൈക്കര്‍ക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ ഇദ്ദേഹത്തെ വംശീയമായി അധിക്ഷേപിച്ചതിന് ക്രൊയേഷ്യന്‍ ടൂര്‍ണമെന്റ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയിരുന്നു.
എ.സി മിലാന്റെ വൈസ് പ്രസിഡന്റിന്റെ ഈ പുതിയ പ്രശംസാ രീതി വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.