“വിറ്റുവരവ് കുറഞ്ഞ സമയത്ത് കൂലി കൂട്ടണമെന്ന് പറയരുത്. കമ്പനിയൊന്ന് പച്ചപിടിക്കട്ടെ. എന്നിട്ട് തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാം. ” ഇത് കമ്പനി അധികൃതര്‍ പറയുന്നത് മനസ്സിലാക്കാം. ലോകത്ത് എല്ലാ മൂലധന സ്ഥാപനവും കൂലി കൂട്ടിച്ചോദിക്കുമ്പോള്‍ പറയുന്നതാണ് ഈ നഷ്ടക്കണക്ക്. ഭരണകക്ഷിയുമായി അടുപ്പമുള്ള തൊഴിലാളി യൂണിയനുകള്‍ ഇതേ നാവില്‍ സംസാരിക്കുന്നതിലാണ് അപകടം പതിയിരിക്കുന്നത്.
ലോകവിശേഷം/മുസ്തഫ പി. എറയ്ക്കല്‍
ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് മാരിക്കാനാ പ്ലാറ്റിനം ഖനി. ബ്രിട്ടീഷ് കമ്പനിയായ ലോന്‍മിന്‍ ആണ് ഖനി നടത്തിപ്പുകാര്‍. 20000ത്തോളം പേര്‍ ഇവിടെ പലതലങ്ങളിലായി പണിയെടുക്കുന്നു. കടുത്ത അന്തരമുള്ള തൊഴില്‍ ഘടനയാണ് ഖനികളിലുള്ളത്. ഖനിയുടെ നടത്തിപ്പ്, പ്ലാറ്റിനത്തിന്റെ വില്‍പ്പന, കയറ്റുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉണ്ട്. ഇവര്‍ അഭ്യസ്തവിദ്യരും ഭൂരിപക്ഷം പേരും വെള്ളക്കാരുമാണ്. നല്ല താമസ സൗകര്യം, ആവശ്യത്തിന് അവധി, വിനോദ സംവിധാനങ്ങള്‍, ഭക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള സബ്‌സിഡി, നല്ല സാമൂഹിക അംഗീകാരം തുടങ്ങി ഇക്കൂട്ടര്‍ക്ക് സന്തോഷിച്ചു കൊണ്ടേയിരിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്.[]
എന്നാല്‍ പ്ലാറ്റിനമെന്ന അമൂല്യ ധാതുവിന്റെ അടരുകള്‍ തേടി ഖനിയുടെ ആഴങ്ങളിലെ ചൂടിലേക്കും ഇരുട്ടിലേക്കും പുകയിലേക്കും മരണത്തിലേക്കും ഊളിയിടുന്ന തൊഴിലാളിക്ക് ഒന്നുമില്ല. തുച്ഛമായ കൂലി. വൃത്തി ഹീനമായ ജീവിത അന്തരീക്ഷം. പോഷകാഹാരക്കുറവ് മൂലം നിരന്തരം അസുഖങ്ങള്‍. ഖനികളുടെ അപകരടകരമായ സാഹചര്യത്തില്‍ ദീര്‍ഘകാലം ജോലി ചെയ്തതിന്റെ ശേഷിപ്പായി ഒരു കൂട്ടം രോഗങ്ങള്‍. അവരെല്ലാവരും കറുത്ത വര്‍ഗക്കാരാണ്. മീറ്ററുകള്‍ ആഴങ്ങളിലേക്ക് ഡ്രില്ലിംഗ് യന്ത്രങ്ങളുമായി വേച്ചുവേച്ചിറങ്ങി വിയര്‍ത്ത് അവര്‍ പിന്നെയും കറുത്തിരിക്കുന്നു. അവരുടെ ജീവിതം കപ്പല്‍ചേതത്തെയാണ് ഓര്‍മിപ്പിക്കുന്നത്. അവരുടെ കുട്ടികള്‍ക്ക് പഠിച്ചു വളരാന്‍ ഇടങ്ങളില്ല.
ദക്ഷിണാഫ്രിക്കയില്‍ 1994 മുതല്‍ വര്‍ണവിവേചനം അവസാനിച്ചുവെന്നാണ് രേഖകള്‍ പറയുന്നത്. വര്‍ണവിവേചന സര്‍ക്കാര്‍ പോയി ദേശീയ സര്‍ക്കാര്‍ വന്നു. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് അധികാരികളായി. വംശവെറിയുടെ പ്രതിരൂപങ്ങളായിരുന്ന പോലീസ് സംവിധാനം മാറി. അധിനിവേശത്തിന്റെ നീരാളിക്കൈകള്‍ തളര്‍ന്നു. അറുപതുകളിലെയും എണ്‍പതുകളിലെയും കൂട്ടക്കൊലകള്‍ പഴങ്കഥയായി. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമായി ദക്ഷിണ ആഫ്രിക്ക. മാറ്റങ്ങള്‍ മാറ്റങ്ങള്‍ തന്നെയാണ്. പക്ഷേ വര്‍ണവിവേചനത്തിന്റെ വേരറ്റു കഴിഞ്ഞില്ലെന്ന് സൂക്ഷ്മ തലത്തിലേക്ക് ചെല്ലുമ്പോള്‍ ബോധ്യമാകും.
ലോന്‍മിന്‍ ഖനി ഈ ബോധ്യം ആര്‍ജിക്കാന്‍ പറ്റിയ കളരിയാണ്. വെള്ളക്കാരന്റെ നടത്തിപ്പിലാണ് ഖനികള്‍. ഊറിവരുന്ന സമ്പത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ വെള്ളക്കാരനാണ്. പീഡനവും അവഗണനയും രോഗവും പേറുന്നത് തൊഴിലാളികള്‍, കറുത്തവന്‍. ഈ വൈരുധ്യമാണ് മാരിക്കാനാ ഖനിയില്‍ 34 പേരുടെ മരണത്തില്‍ കലാശിച്ച പോലീസ് വെടിവെപ്പിലേക്ക് നയിച്ചത്.
അക്രമാസക്തരായ തൊഴിലാളികളെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ സന്ദര്‍ഭോചിതമായ ഇടപെടലിന്റെ സ്വാഭാവിക പരിണതിയായി മരിക്കാനയിലെ മരണത്തെ ചുരുക്കിക്കാണാവുന്നതാണ്. പക്ഷേ, സൂക്ഷ്മതലത്തില്‍ നിലനില്‍ക്കുന്ന വിവേചനത്തേയും അന്തരത്തേയും അതൃപ്തിയേയുമാണ് ഈ മരണങ്ങള്‍ അടയാളപ്പെടുത്തുന്നതെന്ന് ബോധ്യപ്പെടുമ്പോള്‍ മാത്രമാണ് വിശാലമായ കാഴ്ചയിലേക്ക് ലോകം വളരുന്നത്.
വിപണിയില്‍ ഒരു ഔണ്‍സ് പ്ലാറ്റിനത്തിന് ശരാശരി 1520 ഡോളര്‍ വിലയുണ്ട്. മാരിക്കാനാ ഖനിയിലെ തൊഴിലാളികളുടെ ഒരു മാസത്തെ കൂലി 4000 റാന്‍ഡ് അഥവാ 486 ഡോളര്‍ മാത്രമാണ്. ഇത് 12,500 റാന്‍ഡ് ആയി വര്‍ധിപ്പിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഒരു ചില്ലിക്കാശും കൂട്ടി നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. കൂലി കൂട്ടിച്ചോദിച്ച് സമരത്തിന് നോട്ടീസ് നല്‍കിയ തൊഴിലാളികളെ പിരിച്ചു വിടാനുള്ള പഴുതു നോക്കുകയായിരുന്നു മാനേജര്‍മാര്‍.
വിഭജിച്ച് ഭരിക്കുകയെന്ന പഴയ സാമ്രാജ്യത്വ തന്ത്രം തന്നെ പുറത്തെടുത്തു. രണ്ട് യൂനിയനുകളാണ് പ്രധാനമായും ലോന്‍മിന്നില്‍ ഉള്ളത്- നാഷനല്‍ യൂനിയന്‍ ഓഫ് മൈന്‍ വര്‍ക്കേഴ്‌സ്(എന്‍.യു.എം), അസോഷ്യേറ്റഡ് മൈന്‍ വര്‍ക്കേഴ്‌സ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ യൂണിയന്‍ (എ.എം.സി.യു). ഇതില്‍ എന്‍.യു.എം ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ അഫിലിയേഷനുള്ള യൂനിയനാണ്.
എ.എം.സി.യു താരമ്യേന പുതിയ സംഘടനയാണ്. വേതന വര്‍ധന ആവശ്യപ്പെട്ട് എ.എം.സി.യു സമരം പ്രഖ്യാപിച്ചപ്പോള്‍ എന്‍.യു.എം ശക്തമായി എതിര്‍ത്തു. മാനേജ്‌മെന്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന ആരോപണം പേറുന്ന എന്‍.യു.എം ഈ പഴി ഉറപ്പിക്കുന്ന തരത്തിലാണ് സമരത്തോട് പെരുമാറിയത്. മാനേജ്‌മെന്റ് പറഞ്ഞുകൊണ്ടിരുക്കുന്നത് തന്നെ അവര്‍ തൊഴിലാളികളോട് പറഞ്ഞു. കൂലിയിലെ അന്തരം കുറക്കണമെന്ന് പോലും അവര്‍ ആവശ്യപ്പെട്ടില്ല. പകരം സമരത്തിലേക്ക് നീങ്ങിയ എതിര്‍ യൂനിയന്‍കാരുമായി ഏറ്റുമുട്ടി. മൂന്ന് മാസം മുമ്പ് പത്ത് പേരാണ് ഇങ്ങനെ മരിച്ചത്. കാരണം എന്തുമാകട്ടെ. മിച്ച മൂല്യത്തില്‍ നിന്ന് പങ്കുചോദിച്ചതിന് അതിന്റെ ഗുണം അനുഭവിക്കേണ്ടവരും അതിനായി ഒരുമിച്ചു നില്‍ക്കേണ്ടവരുമായ മനുഷ്യര്‍ തമ്മില്‍ തല്ലി ചാകുന്നത് എത്ര ക്രൂരമായ വിരോധാഭാസമാണ്.
ക്രൂരമായ തൊഴുത്തില്‍ കുത്തിലൂടെ ആര്‍ച്ചി ഫലാനെ എന്ന യഥാര്‍ഥ തൊഴിലാളി നേതാവിനെ നിശ്ശബ്ദനാക്കിയായിരുന്നു ബലേനിയുടെ സ്ഥാനലബ്ധി.
ആഭരണങ്ങളിലാണ് വെളുത്ത ലോഹമായ പ്ലാറ്റിനത്തിന്റെ പ്രശസ്തി മുഴുവന്‍ കിടക്കുന്നത്. എന്നാല്‍ പ്ലാറ്റിനം വന്‍ തോതില്‍ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ, പ്രത്യേകിച്ച് കാറുകളുടെ ഭാഗങ്ങള്‍, നിര്‍മിക്കുന്നതിനാണ്. യൂറോപ്പിലും അമേരിക്കയിലും ഇപ്പോഴും തുടരുന്ന മാന്ദ്യം കാര്‍ വിപണിയില്‍ വന്‍ ഇടിവുണ്ടാക്കിയെന്നും അതുവഴി പ്ലാറ്റിനത്തിന് ആവശ്യക്കാര്‍ കുറഞ്ഞുവെന്നുമാണ് ലോന്‍മിന്‍ അടക്കമുള്ള കമ്പനികള്‍ പറയുന്നത്. അതുകൊണ്ട് വിറ്റുവരവ് കുറഞ്ഞ ഈ സമയത്ത് കൂലി കൂട്ടണമെന്ന് പറയരുത്. കമ്പനിയൊന്ന് പച്ചപിടിക്കട്ടെ. എന്നിട്ട് തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാം.
ഇത് കമ്പനി അധികൃതര്‍ പറയുന്നത് മനസ്സിലാക്കാം. ലോകത്ത് എല്ലാ മൂലധന സ്ഥാപനവും കൂലി കൂട്ടിച്ചോദിക്കുമ്പോള്‍ പറയുന്നതാണ് ഈ നഷ്ടക്കണക്ക്. ഭരണകക്ഷിയുമായി അടുപ്പമുള്ള തൊഴിലാളി യൂനിയനുകള്‍ ഇതേ നാവില്‍ സംസാരിക്കുന്നതിലാണ് അപകടം പതിയിരിക്കുന്നത്. ദക്ഷിണ ആഫ്രിക്കയില്‍ സാധ്യമായ ഭരണവ്യവസ്ഥാ മാറ്റം സാവധാനം അപഹരിക്കപ്പെടുന്നുവെന്ന ആധിയാണ് ഇത് പടര്‍ത്തുന്നത്.
ലോകത്തെ പ്ലാറ്റിനം ഉത്പാദനത്തിന്റെ 80 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. ഇവിടെയുള്ള 80 ശതമാനം ഖനികളും കൈകാര്യം ചെയ്യുന്നത് വിദേശ കമ്പനികളും. രാജ്യത്തിന്റെ അധികാര ഇടനാഴികളിലും രാഷ്ട്രീയ ബന്ധങ്ങളിലും ഖനി യൂണിയനുകള്‍ക്ക് നിര്‍ണായ സ്വാധീനമുണ്ടാകുന്നതിന്റെ കാരണം കോടിക്കണക്കിന് ഡോളര്‍ വരികയും മറിയുകയും ചെയ്യുന്ന മേഖലയാണ് പ്ലാറ്റിനം ഖനികള്‍ എന്നത് തന്നെയാണ്. ഈ യൂണിയനുകളില്‍ അംഗങ്ങളായ കറുത്ത മനുഷ്യരുടെ ചുമലിലേറിയാണ് യൂനിയന്‍ നേതാക്കള്‍ അധികാരത്തിന്റെ വെള്ളിവെളിച്ചങ്ങളിലേക്ക് കടന്നു കയറുന്നത്. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സംയുക്ത ട്രേഡ് യൂണിയനായ കോണ്‍ഗ്രസ് ഓഫ് സൗത്ത് ആഫ്രിക്കന്‍ ട്രേഡ് യൂണിയന്‍സ്(കൊസാറ്റു)വിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം വിദേശ നിയന്ത്രിത ഖനികളില്‍ ഓഹരികളുണ്ട്. അങ്ങനെ “ബ്ലാക് എലൈറ്റ്” എന്ന വര്‍ഗം രൂപപ്പെട്ടിരിക്കുന്നു.
ഈ രൂപ മാറ്റത്തിന്റെ രസതന്ത്രം മനസ്സിലാകണമെങ്കില്‍ പ്രധാന യൂണിയനായ എന്‍.യു.എമ്മിന്റെ തലപ്പത്തേക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്ന തിരഞ്ഞെടുപ്പ് നോക്കിയാല്‍ മതി. തൊഴിലാളികള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള യൂണിയനായിരുന്നു എന്‍.യു.എം. ഇതിന്റെ നേതാക്കള്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് നേരിട്ട് നാമനിര്‍ദേശം ചെയ്യപ്പെടുകയാണ് പതിവ്.
2010ല്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി അടുത്ത ബന്ധമുള്ള ഫ്രാന്‍സ് ബലേനിയാണ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ക്രൂരമായ തൊഴുത്തില്‍ കുത്തിലൂടെ ആര്‍ച്ചി ഫലാനെ എന്ന യഥാര്‍ഥ തൊഴിലാളി നേതാവിനെ നിശ്ശബ്ദനാക്കിയായിരുന്നു ബലേനിയുടെ സ്ഥാനലബ്ധി. ഭൂരിപക്ഷം തൊഴിലാളികളുടെ പിന്തുണയോടെയാണ് ആര്‍ച്ചി ഫലാനെ ഗോദയിലിറങ്ങിയത്. പക്ഷേ കളികളില്‍ ഫലാനെക്ക് കാലിടറി. അതോടെ അദ്ദേഹത്തെ പിന്തുണച്ച നല്ലൊരു ശതമാനം പേര്‍ എ.എം.സി യുവിലേക്ക് ചുവടുമാറി.
എന്‍.യു.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസഫ് മത്തുഞ്ച്വയാണ് ഇപ്പോള്‍ എ.എം.സി.യുവിന്റെ നേതാവ്. എന്‍.യു.എമ്മിന്റെ ഭരണവര്‍ഗ ബാന്ധവവും വരേണ്യ ആഭിമുഖ്യവുമാണ് പുതിയ യൂനിയനെ ശക്തമാക്കിയത്. ആ ശക്തി നിലവിട്ട പെരുമാറ്റത്തിലേക്ക് അവരെ നയിച്ചിട്ടുണ്ടാകാം. പരിചയ സമ്പന്നമായ നേതൃത്വമില്ലാത്തതും പ്രശ്‌നമാകാം. പക്ഷേ എന്‍ യു എം അതിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് വഴി മാറി നടന്നപ്പോഴും തൊഴിലാളികളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാതിരുന്നപ്പോഴുമാണ് അവര്‍ സമാന്തരമായി സംഘടിച്ചതും ഒരു വേള അക്രമാസക്തമായ സമീപനത്തിലേക്ക് മാറാന്‍ നിര്‍ബന്ധിതരായതെന്നും കാണാനാകും.
കൂടുതല്‍ ഖനികളിലേക്ക് സമരം വ്യാപിക്കുകയാണ്. തെമ്പലാനിയിലെ ആംഗ്ലോ അമേരിക്കന്‍ പ്ലാറ്റിനം ലിമിറ്റഡിന്റെ ഖനിയില്‍ നൂറോളം തൊഴിലാളികള്‍ ജോലിക്ക് ഹാജരാകാന്‍ വിസമ്മതിച്ചതോടെ അവിടെ സംഘര്‍ഷം ഉരുണ്ട് കൂടിയിട്ടുണ്ട്. പ്രസിഡന്റ് ജേക്കബ് സുമ പ്രശ്‌നത്തില്‍ യാഥാര്‍ഥ്യബോധത്തോടെ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നത് ആശ്വാസകരമാണ്. പക്ഷേ സര്‍ക്കാറിന്റെ പക്ഷം ഖനിക്കമ്പനിയുടേതാകുന്നിടത്തോളം സമരം തീരില്ല. ആഫ്രിക്കന്‍ വന്‍കരയുടെ നേതൃ സ്ഥാനത്ത് നില്‍ക്കുന്ന ദക്ഷിണ ആഫ്രിക്കയുടെ എല്ലാ അഹങ്കാരങ്ങള്‍ക്കും തിരശ്ശീലയിടുന്ന മഹാ പ്രതിസന്ധിയായി സമരം പടരും. ഖനിയുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നവന്റെ വിയര്‍പ്പിലാണല്ലോ രാഷ്ട്രം പണിതിരിക്കുന്നത്.