| Monday, 29th January 2024, 4:38 pm

ചിലർ വരുമ്പോൾ ചരിത്രം വഴി മാറും; ജർമൻ ഫുട്ബോൾ ചരിത്രത്തിൽ ഇതാദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ബുണ്ടസ്‌ലീഗയില്‍ ഡാര്‍സ്റ്റാമിഡിനെതിരെ യൂണിയന്‍ ബെര്‍ലിന് ഒരു ഗോളിന്റെ തകര്‍പ്പന്‍ വിജയം. ഈ മത്സരത്തില്‍ ഒരു പുതുചരിത്രം കുറിച്ചിരിക്കുകയാണ് യൂണിയന്‍ ബെര്‍ലിന്‍ കോച്ച് മേരി ലൂയിസ്.

ബുണ്ടസ്‌ലീഗയില്‍ പരിശീലകയായി ചുമതലയേല്‍ക്കുന്ന ആദ്യ വനിതാ കോച്ച് എന്ന ചരിത്രനേട്ടമാണ് മേരി ലൂയിസ് സ്വന്തമാക്കിയത്. പരിശീലകയായി ചുമതലയേറ്റ ആദ്യ മത്സരം തന്നെ വിജയിക്കാന്‍ ലൂയിസിന് സാധിച്ചത് ഏറെ ശ്രദ്ധേയമായി.

യൂണിയന്‍ ബെര്‍ലിന്‍ കോച്ച് നെനാദ് ബിജെലിക്ക സസ്പെന്‍ഷന്‍ നേരിട്ടത്തിന് പിന്നാലെയാണ് മേരി ലൂയിസ് യൂണിയന്‍ ബെര്‍ലിന്റെ പരിശീലക കുപ്പായം അണിഞ്ഞത്.

ജനുവരി 25ന് ബയേണ്‍ മ്യുണിക്കിനെതിരായ മത്സരത്തില്‍ ജര്‍മന്‍ താരമായ ലിയൊറെ സനെയെ ബിജെലിക്ക തള്ളിമാറ്റിയിരുന്നു. യൂണിയന്‍ ബെര്‍ലിന്‍ പരിശീലകന്റെ മോശം പെരുമാറ്റത്തിനെതിരെ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബിജെലിക്കയെ മൂന്ന് മത്സരങ്ങളില്‍ വിലക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് മേരി ലൂയിസ് ടീമിന്റെ പരിശീലകയായി ചുമതലയേക്കുകയും ചരിത്രനേട്ടം സ്വന്തമാക്കുകയും ചെയ്തത്. ബിജെലിക്കയുടെ വിലക്ക് മാറാന്‍ രണ്ടു മത്സരങ്ങള്‍ കൂടി കഴിയേണ്ട സാഹചര്യത്തില്‍ വരാനിരിക്കുന്ന യൂണിയന്‍ ബെര്‍ലിന്റെ അടുത്ത രണ്ട് മത്സരങ്ങളും മേരി തന്നെയായിരിക്കും നയിക്കുക.

യൂണിയന്‍ ബെര്‍ലിന്റെ തട്ടകമായ അല്‍ട്ടെ ഫോര്‍സ്‌ടെറെയില്‍ നടന്ന മത്സരത്തില്‍ 3-5-2 എന്ന ഫോര്‍മേഷനിലാണ് മേരി ലൂയിസ് തന്റെ ടീമിനെ അണിനിരത്തിയത്. മറുഭാഗത്ത് ഡാംസ്റ്റഡ് 3-3-3-1 എന്ന ശൈലിയുമാണ് പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 62ാം മിനിട്ടില്‍ ബെനഡിക്ട് ഹോളര്‍ബാച്ചാണ് മത്സരത്തിലെ ഏകഗോള്‍ നേടിയത്. എതിര്‍ടീമിന്റെ പ്രതിരോധത്തെ മറികടന്നുകൊണ്ട് പെനാല്‍ട്ടി ബോക്‌സില്‍ നിന്നും താരം ഫിനിഷ് ചെയ്യുകയായിരുന്നു.

ജയത്തോടെ ബുണ്ടസ് ലീഗയില്‍ 18 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും രണ്ട് സമനിലയും 11 തോല്‍വിയും അടക്കം 17 പോയിന്റുമായി 15ാം സ്ഥാനത്താണ് യൂണിയന്‍ ബെര്‍ലിന്‍.

ബുണ്ടസ് ലീഗയില്‍ ഫെബ്രുവരി നാലിന് ആര്‍.ബി ലെപ്‌സിക്കിനെതിരെയാണ് യൂണിയന്‍ ബെര്‍ലിന്റെ അടുത്ത മത്സരം. ലെപ്‌സിക്കിന്റെ ഹോം ഗ്രൗണ്ട് റെഡ് ബുള്‍ അറീനയാണ് വേദി.

Content Highlight: Marie Louise is the first female manager in Bundesliga.

We use cookies to give you the best possible experience. Learn more