| Wednesday, 8th June 2016, 10:41 pm

ഉത്തേജകം; മരിയ ഷറപ്പോവയ്ക്ക് രണ്ടു വര്‍ഷം വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ലണ്ടന്‍: പ്രശസ്ത ടെന്നിസ് താരം മരിയ ഷറപ്പോവയെ രാജ്യാന്തര ടെന്നിസ് മല്‍സരങ്ങളില്‍ നിന്ന് രണ്ടു വര്‍ഷത്തേക്കു വിലക്കി. ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണിത്. രാജ്യാന്തര ടെന്നിസ് ഫെഡറേഷനാണ് (ഐ.ടി.എഫ്) വിലക്കിയത്.

എന്നാല്‍ വിലക്ക് അംഗീകരിക്കുന്നില്ലെന്നും അപ്പീല്‍ പോകുമെന്നും ഷറപ്പോവ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. അഞ്ചുതവണ ഗ്രാന്‍സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ് ഷറപ്പോവ. ജനുവരിയിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മല്‍സരത്തില്‍ മെല്‍ഡോണിയം എന്ന നിരോധിത മരുന്നിന്റെ സാന്നിധ്യം ശരീരത്തില്‍ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ താല്‍ക്കാലികമായി വിലക്കിയിരുന്നു.

ഹൃദയസംബന്ധമായ രോഗത്തിനുള്ള മരുന്നാണ് ഷറപ്പോവയ്ക്ക് വിലക്കുവാങ്ങിക്കൊടുത്തത്. 2006 മുതല്‍ ആരോഗ്യകാരണങ്ങളാല്‍ ഷറപ്പോവ ഈ മരുന്നു കഴിച്ചിരുന്നു. ഈ വര്‍ഷം ജനുവരി ഒന്നുമുതലാണ് മരുന്ന് നിരോധിക്കപ്പെട്ടവയുടെ പട്ടികയില്‍ വന്നത്. വിലക്ക് 2016 ജനുവരി 26 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഐ.ടി.എഫ് അറിയിച്ചു.

അതേസമയം, മെല്‍ഡോണിയം ശരീരത്തില്‍ എത്രനാള്‍ ഉണ്ടാകുമെന്ന് തിരിച്ചറിയാനായിട്ടില്ലെന്ന് ഏപ്രിലില്‍ ശാസ്ത്രജ്ഞന്‍മാര്‍ അംഗീകരിച്ചിരുന്നു. മാത്രമല്ല, മാര്‍ച്ച് ഒന്നിനു മുന്‍പ് പരിശോധനയില്‍ പോസിറ്റീവ് ആണെന്നു തെളിയുന്ന അത്‌ലറ്റുകളെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്നും ശാസ്ത്രസംഘം അഭ്യര്‍ഥിച്ചിരുന്നു.

മരുന്ന് നിരോധിത പട്ടികയില്‍ പെടുന്നതാണെന്ന് അറിയില്ലായിരുന്നുവെന്ന് ഷറപ്പോവ പ്രതികരിച്ചു. മില്‍ഡ്രൊണേറ്റ് എന്നപേരിലാണ് ആ മരുന്ന് താന്‍ അറിയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more