'ജീവിതം ടെന്നിസിനായി സമര്‍പ്പിച്ചപ്പോള്‍, ടെന്നിസ് മറ്റൊരു ജീവിതം തന്നു' ; വിരമിക്കല്‍ കുറിപ്പുമായി മരിയ ഷറപ്പോവ
Sports News
'ജീവിതം ടെന്നിസിനായി സമര്‍പ്പിച്ചപ്പോള്‍, ടെന്നിസ് മറ്റൊരു ജീവിതം തന്നു' ; വിരമിക്കല്‍ കുറിപ്പുമായി മരിയ ഷറപ്പോവ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 26th February 2020, 9:19 pm

മോസ്‌കോ: ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിടവാങ്ങല്‍ പ്രഖ്യാപിച്ച് മരിയ ഷറപ്പോവ. അഞ്ചു തവണ ഗ്രാന്‍സ്‌ലാം കിരീടം സ്വന്തമാക്കിയ താരത്തിന്റെ കരിയര്‍ വിവാദങ്ങളും നിറഞ്ഞതായിരുന്നു.

എന്റെ ജീവിതം ടെന്നിസിനായി സമര്‍പ്പിച്ചപ്പോള്‍, ടെന്നിസ് എനിക്കൊരു ജീവിതം തന്നു’ എന്നാണ് തന്റെ വിരമിക്കല്‍ കുറിപ്പില്‍ ഷറപ്പോവ കുറിച്ചു. ടെന്നിസ് എല്ലാ ദിവസവും ഞാന്‍ മിസ് ചെയ്യും. പുലര്‍ച്ചെയുള്ള എഴുന്നേല്‍ക്കല്‍, ഷൂവിന്റെ ഇടതു ലെയ്‌സ് ആദ്യം കെട്ടുന്നത്, കളി തുടങ്ങും മുന്‍പ് കോര്‍ട്ടിന്റെ ഗേറ്റ് പൂട്ടിയിടുന്നത്. ദിവസവുമുള്ള എന്റെ പരിശീലനവും ഞാന്‍ മിസ് ചെയ്യും. എന്റെ ടീമിനെയും പരിശീലകരെയും ഞാന്‍ മിസ് ചെയ്യും. പരിശീലന സമയത്ത് കോര്‍ട്ടിനടുത്തുള്ള ബെഞ്ചില്‍ എന്റെ അച്ഛനോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങള്‍ മിസ് ചെയ്യും. ജയിച്ചാലും തോറ്റാലും മത്സരശേഷമുള്ള ഹസ്തദാനവും, അറിഞ്ഞോ അറിയാതെയെ എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ പ്രചോദിപ്പിച്ച സഹകളിക്കാരെയും എനിക്ക് മിസ് ചെയ്യും’ എന്നും ഷറപ്പോവ തന്റെ വിരമിക്കല്‍ കുറിപ്പില്‍ കുറിച്ചു.

ഏഴാം വയസിലാണ് മരിയ ഷറപ്പോവ ടെന്നീസിലെക്ക് കാലെടുത്ത് വെയ്ക്കുന്നത്. 2005ല്‍ ഷറപ്പോവ ഒന്നാം റാങ്കിങ്ങില്‍ എത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2016 ല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ നേരിടുന്ന താരത്തിന് 2 വര്‍ഷത്തെ വിലക്ക് ലഭിച്ചിരുന്നു. പിന്നീട് വിലക്കില്‍ ഇളവു വരുത്തി.

നിരോധിത മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷറപ്പോവയെ വിലക്കിയിരുന്നത്.

ഹൃദ്രോഗത്തിന് നല്‍കുന്ന മരുന്നായ മെല്‍ഡോണിയം താന്‍ 2006 മുതല്‍ ഉപയോഗിച്ച് വരുന്നതാണെന്നും 2016 ജനവരി ഒന്നുമുതലാണ് ഇത് നിരോധിച്ചതെന്നും ഷറപോവ വ്യക്തമാക്കിയിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന മരിയ ഷറപ്പോവയുടെ പരാമര്‍ശവും മരിയയുടെ ഫേസ്ബുക്ക് പേജില്‍ സച്ചിന്‍ ആരാധകര്‍ അസഭ്യവാക്കുകള്‍കൊണ്ട് ആഘോഷിച്ചതും വാര്‍ത്തയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video