പാ. രഞ്ജിത്തിന്റെ സിനിമകളിലെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് മാരി സെല്‍വരാജ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ തമിഴിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ്. സമൂഹത്തിലെ ജാതിവ്യവസ്ഥക്കെതിരെ തന്റെ സിനിമകളിലൂടെ പ്രതിഷേധം അറിയിക്കുന്ന സംവിധായകനാണ് മാരി സെല്‍വരാജ്.
മാരി സെല്‍വരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വാഴൈ. കലൈയരശന്‍, നിഖില വിമല്‍, പൊന്‍വേല്‍ എം, രാകുല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഓഗസ്റ്റ് 23ന് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.
സിനിമയില്‍ വന്നതിനു ശേഷം എപ്പോഴും കേള്‍ക്കുന്ന ചോദ്യമാണ് ആരാണ് മാരി സെല്‍വരാജ് എന്നതെന്നും കര്‍ണ്ണനും മാമന്നനും പോലുള്ള വലിയ ചിത്രങ്ങള്‍ ചെയ്തതിന് ശേഷവും താന്‍ ആരാണെന്നും എവിടെനിന്ന് വരുന്നു എന്നൊക്കെ എല്ലാവരും ചോദിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.
അതിനുള്ള തന്റെ ഉത്തരമാണ് വാഴൈയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഴൈ സിനിമയുടെ കേരള റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിങ്ങില്‍ സംസാരിക്കുകയാണ് മാറി സെല്‍വരാജ്.
‘ഞാന്‍ എവിടെ നിന്ന് വരുന്നു എന്ന് ഞാന്‍ തന്നെ ചിന്തിച്ചാല്‍ എന്റെ മനസിലേക്ക് ആദ്യം വരുന്നത് ഈ സിനിമയുടെ കഥയാണ്. ഞാന്‍ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടര്‍ ആയപ്പോള്‍ എന്റെ ഡയറക്ടര്‍ എന്നോട് ഏതെങ്കിലും ഒരു കഥ പറയാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞ കഥ വാഴൈയുടെ ആയിരുന്നു.
ഇന്ന് ഇന്‍ഡസ്ട്രിയില്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതിന് ശേഷം, കര്‍ണ്ണന്‍ , മാമന്നന്‍ തുടങ്ങിയ വലിയ സിനിമകളെല്ലാം ചെയ്തപ്പോള്‍ ആരാണ് മാരി സെല്‍വരാജന്‍ എന്ന ചോദ്യം ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഓരോ സിനിമ റിലീസ് ആകുമ്പോഴും മാരി സെല്‍വരാജന്‍ ആരാണെന്ന് അറിയണം. ഞാന്‍ ആര് എവിടെ നിന്ന് വരുന്നു എന്ന് ഞാന്‍ തന്നെ എല്ലാവരോടും പറയാം എന്ന് കരുതി. അതിനുവേണ്ടി എടുത്ത സിനിമയാണ് വാഴൈ,’ മാരി സെല്‍വരാജ് പറയുന്നു.
കേരളത്തില്‍ വാഴൈ ഇന്ന് റിലീസ് ചെയ്യും. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ വമ്പന്‍ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ചിത്രം ബോക്‌സ് ഓഫീസിലും ഗംഭീര കളക്ഷനാണ് നേടുന്നത്.
സംവിധായകന്‍ മാരി സെല്‍വരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കി ഒരുക്കിയ ചിത്രം ആദ്യ വാരത്തില്‍ 11 കോടിക്ക് മുകളിലാണ് ഗ്രോസ് നേടിയത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മാരി സെല്‍വരാജ് തന്നെയാണ്. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിച്ച വാഴൈയില്‍ സന്തോഷ് നാരായണന്‍ സംഗീതം ഒരുക്കിയിരിക്കുന്നു.
Content Highlight: Mari Selvaraj Talks about Vaazhai Movie is His Life Story