മനുഷ്യന് മാത്രമായി കഥയെഴുതാന്‍ എനിക്ക് പറ്റില്ല: മാരി സെല്‍വരാജ്
Movie Day
മനുഷ്യന് മാത്രമായി കഥയെഴുതാന്‍ എനിക്ക് പറ്റില്ല: മാരി സെല്‍വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th August 2024, 1:44 pm

പാ. രഞ്ജിത്തിന്റെ സംവിധാന സഹായിയായി തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനും എഴുത്തുകാരനാണ് മാരി സെല്‍വരാജ്. കല തന്റെ പ്രതിഷേധം അറിയിക്കാനുള്ള മാധ്യമം ആയിട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ പരിയേറും പെരുമാളാണ് മാരി സെല്‍വരാജിന്റെ ആദ്യ സിനിമ.

മാരി സെല്‍വരാജിന്റെ സിനിമകളില്ലെല്ലാം തന്നെ പ്രധാന കഥാപാത്രത്തോടൊപ്പം അല്ലെങ്കില്‍ അതിനു മുകളില്‍ പ്രാധ്യമുള്ളതായിരിക്കും വളര്‍ത്തു മൃഗങ്ങള്‍. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ പരിയേറും പെരുമാളിലെ കറുപ്പി മുതല്‍ അവസാനം ഇറങ്ങിയ വാഴൈയിലെ പശുക്കുട്ടി വരെ മാരി സെല്‍വരാജിന്റെ കഥാപാത്രങ്ങളാണ്. ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് അദ്ദേഹം ഇവരിലൂടെ കാണിക്കുന്നത്.

കര്‍ണ്ണനിലെ കുതിരയും കഴുതയും മാമന്നനിലെ പന്നികളും എല്ലാംതന്നെ അവരുടേതായ രാഷ്ട്രീയം പറയുന്നുണ്ട്, ജാതി വ്യവസ്ഥക്കെതിരായ മാരി സെല്‍വരാജിന്റെ പോരാട്ടത്തിന്റെ പടയാളികളാകുന്നുണ്ട്.

താന്‍ കഥ എഴുതുമ്പോള്‍ അത് മനുഷ്യര്‍ക്ക് മാത്രമായി എഴുതാന്‍ കഴിയില്ലെന്നും ജീവന്റെ കഥ പറയുമ്പോള്‍ അതില്‍ ജീവനുള്ള എല്ലാം ഉണ്ടാകുമെന്നും മാരി സെല്‍വരാജ് പറയുന്നു.

തന്റെ ഗ്രാമത്തിലെ കഥകളാണ് താന്‍ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്നും അപ്പോള്‍ ആ ഗ്രാമത്തിലെ മൃഗങ്ങളെല്ലാം സിനിമയിലുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാഴൈയുടെ കേരള റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിങ്ങില്‍ സംസാരിക്കുകയാണ് മാരി സെല്‍വരാജ്.

‘എന്റെ വീട്ടില്‍ ഇനിയും വളര്‍ത്തു മൃഗങ്ങള്‍ ഉണ്ട്, എന്റെ നാട്ടില്‍ ഇനിയും ഉണ്ട്. അപ്പോള്‍ കഥകള്‍ അവര്‍ക്കും കൂടിയുള്ളതല്ലേ. മനുഷ്യന് മാത്രമായിട്ട് കഥയെഴുതാന്‍ കഴിയില്ല. ഒരു ജീവന്റെ കഥപറയുമ്പോള്‍ അതില്‍ ജീവനുള്ള എന്തൊക്കയാണോ ഉള്ളത് അതെല്ലാം ഉണ്ടാകും.

ഞാന്‍ എന്റെ ഗ്രാമത്തിലെ കഥകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെയാകുമ്പോള്‍ അവിടെ എന്തൊക്കെയാണ് ഉള്ളത് അതെല്ലാം എന്റെ സിനിമയിലും ഉണ്ടാകും,’ മാരി സെല്‍വരാജ് പറയുന്നു.

Content Highlight: Mari Selvaraj Talks About  Pets In His Films