സഹ സംവിധായകനായി സിനിമ ജീവിതം ആരംഭിച്ച സംവിധായകനും എഴുത്തുകാരനാണ് മാരി സെല്‍വരാജ്. കല തന്റെ പ്രതിഷേധം അറിയിക്കാനുള്ള മാധ്യമം ആയിട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ പരിയേറും പെരുമാളാണ് മാരി സെല്‍വരാജിന്റെ ആദ്യ സിനിമ.
സിനിമയിലെത്തുന്നതിന് മുമ്പ് നിരവധി ജോലികള്‍ മാരി സെല്‍വരാജ് ചെയ്തിട്ടുണ്ടായിരുന്നു. സംവിധായകന്‍ റാമിന്റെ ഓഫീസില്‍ സഹായിയായും അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ ജോലി ചെയ്യുന്ന ഒരു ദിവസമാണ് തന്റെ ജീവിതം മാറ്റിയതെന്ന് മാരി സെല്‍വരാജ് പറയുന്നു. റാമിന്റെ അസിസ്റ്റന്റുകളൊന്നും ഇല്ലാതിരുന്ന ദിവസം സിഗരറ്റ് വാങ്ങി മടങ്ങിവന്ന റാമിനെ തെരുനായ്കള്‍ വളഞ്ഞെന്നും അപ്പോള്‍ രക്ഷിച്ചത് താന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
അതുവരെ തന്നോട് മിണ്ടാതിരുന്ന റാം അന്ന് ഉറങ്ങാതെ തന്റെ കഥകളെല്ലാം കേട്ടെന്നും പിറ്റേന്ന് മുതല്‍ അസിസ്റ്റന്റായി കൂടിക്കോളാന്‍ പറഞ്ഞെന്നും മാരി കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുദിവസം രാത്രി, അന്ന് അസിസ്റ്റന്റുമാരൊന്നും ഓഫീസില്‍ ഉണ്ടായിരുന്നില്ല. രാത്രി ഒരുമണിയായിക്കാണും. അടുത്തുള്ള പെട്ടിക്കടയില്‍നിന്ന് സിഗരറ്റ് വാങ്ങി വലിച്ചുക്കൊണ്ട് റാം സാര്‍ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരുകൂട്ടം തെരുവുനായ്ക്കള്‍ അദ്ദേഹത്തെ വളഞ്ഞത്. ദൂരെനിന്ന് ഞാനിത് കണ്ടു. അടുത്തനിമിഷത്തില്‍ ഞാന്‍ ഓടിയെത്തി നായ്ക്കളെ ആട്ടിപ്പായിച്ചു.
അതുവരെ എന്നോടദ്ദേഹം കാര്യമായി സംസാരിച്ചിരുന്നില്ല. അന്നാദ്യമായി എന്നോട് നീയാര്? എവിടെനിന്ന് വന്നു? എന്നൊക്കെ ചോദിച്ചു. ഞാന്‍ എന്റെ ജീവിതകഥ പറഞ്ഞു. ആ രാത്രി ഞങ്ങള്‍ ഉറങ്ങിയില്ല. പുലരുംവരെ ഞാന്‍ അനുഭവിച്ച യാതനകള്‍ പറഞ്ഞുകൊണ്ടിരുന്നു. തിരുനെല്‍വേലിയെക്കുറിച്ച്, പുളിയംകുളം എന്ന ഗ്രാമത്തെക്കുറിച്ച്, ഞങ്ങളുടെ സമുദായം നേരിടുന്ന ജാതിവിവേചനത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, എന്റെ ചിന്തകളെക്കുറിച്ച്. എല്ലാം അദ്ദേഹം എന്നില്‍നിന്നും ചോദിച്ചറിഞ്ഞു.
എനിക്കന്ന് 23 വയസായിരുന്നു. അടുത്തദിവസം റാം സാര്‍ എന്നോടുപറഞ്ഞു, ‘നാളെ മുതല്‍ നീ എന്റെ അസിസ്റ്റന്റായിരിക്കും’ എന്ന്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ എന്താണ് സിനിമയെന്നും ഏത് വിഷയമാണ് സിനിമയാക്കേണ്ടതെന്നും ഞാന്‍ പഠിച്ചു. ഒരുപക്ഷെ അദ്ദേഹത്തെ അന്ന് തെരുവുനായ്ക്കള്‍ വളഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു സംവിധായകനാകുമോയെന്ന് അറിയില്ല.
പതിവായി നമ്മള്‍ കാണുന്ന തരത്തിലുള്ള സിനിമ എടുക്കണമോ അതോ നമ്മുടെ ജീവിതത്തിലുലുണ്ടായ അനുഭവങ്ങളെ സിനിമയാക്കണോ എന്നൊരു ചര്‍ച്ച വന്നപ്പോള്‍, ‘നിന്റെ ജീവിതാനുഭവം സിനിമയാക്കുക. നിന്റെ ജീവിതത്തില്‍ കൊടിയ യാതനകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ അനുഭവത്തില്‍ ഈ സമൂഹത്തിനും പങ്കുണ്ട്, അതിനെ നീ അടയാളപ്പെടുത്തുക’എന്ന് അദ്ദേഹം പറഞ്ഞു,’ മാരി സെല്‍വരാജ് പറയുന്നു.
Content Highlight: Mari Selvaraj Talks About Director Ram