എന്റെ ഐഡിയോളോജിക്ക് അവര്‍ കത്രിക വെച്ചു; ആ മൂന്ന് സിനിമകളുടെയും 70 ശതമാനം മാത്രമാണ് പുറത്തു വന്നത്: മാരി സെല്‍വരാജ്
Movie Day
എന്റെ ഐഡിയോളോജിക്ക് അവര്‍ കത്രിക വെച്ചു; ആ മൂന്ന് സിനിമകളുടെയും 70 ശതമാനം മാത്രമാണ് പുറത്തു വന്നത്: മാരി സെല്‍വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th August 2024, 9:44 am

മാരി സെല്‍വരാജ് ആദ്യമായി സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ തമിഴിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ്. സമൂഹത്തിലെ ജാതിവ്യവസ്ഥക്കെതിരെ തന്റെ സിനിമകളിലൂടെ പ്രതിഷേധം അറിയിക്കുന്ന സംവിധായകനാണ് മാരി സെല്‍വരാജ്.

2021 ല്‍ മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ റിലീസായ സിനിമയാണ് കര്‍ണ്ണന്‍. ധനുഷ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ശക്തമായ ജാതി വിരുദ്ധ രാഷ്ട്രീയം പറയുന്നുണ്ട്.

വടിവേലു, ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാരി സെല്‍വരാജ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് മാമന്നന്‍. അദ്ദേഹത്തിന്റെ മറ്റു സിനിമകളെ പോലെത്തന്നെ മാമന്നനും കൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ട്.

താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ പരിയേറും പെരുമാളിന്റെയും കര്‍ണ്ണന്റേയും മാമന്നന്റെയും എഴുപത് ശതമാനം മാത്രമാണ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതെന്ന് മാരി സെല്‍വരാജ് പറയുന്നു.

‘എന്റെ എല്ലാ പടവും സെന്‍സര്‍ ചെയ്തിട്ടാണ് പുറത്ത് വന്നത്. കര്‍ണ്ണന്‍ ഞാന്‍ ഷൂട്ട് ചെയ്തു വെച്ചതിനെക്കാളും 70-75 ശതമാനം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. മുപ്പത് മുതല്‍ മുപ്പത്തഞ്ച് ശതമാനത്തോളം അവരത് സെന്‍സര്‍ ചെയ്ത് മുറിച്ചു കളഞ്ഞു.

എന്റെ ഐഡിയോളോജിയും കഥാപാത്രങ്ങളും ചില സീനുകളെല്ലാം ഒഴിവാക്കിയാണ് കര്‍ണ്ണന്‍ പ്രദര്‍ശനത്തിനെത്തിയത്. മാമന്നനും അതുപോലെ ഒരുപാട് സെന്‍സര്‍ ചെയ്യപ്പെട്ട സിനിമയാണ്. അവിടേയും ഞാന്‍ ഷൂട്ട് ചെയ്തത് പൂര്‍ണമായി ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല.

ആദ്യ സിനിമയായ പരിയേറും പെരുമാള്‍ മുതല്‍ എല്ലാ ചിത്രങ്ങളും സെന്‍സറിങ്ങിന് വിധേയമായി പല ഭാഗങ്ങളും ഒഴിവാക്കിയാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒത്തിരി പരിശ്രമിച്ചിട്ടാണ് എനിക്ക് മൂന്ന് സിനിമകള്‍ അത്രയെങ്കിലും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്.

വാഴൈ സിനിമാ മാത്രമാണ് ഞാന്‍ എടുത്തതെന്താണോ അത് അതുപോലെ നിങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞ സിനിമ. ഇതില്‍ അധികം സെന്‍സറിങ് അവര്‍ നടത്തിയിട്ടില്ല,’ മാരി സെല്‍വരാജ് പറയുന്നു.

മാരി സെല്‍വരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വാഴൈ. കലൈയരശന്‍, നിഖില വിമല്‍, പൊന്‍വേല്‍ എം, രാകുല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഓഗസ്റ്റ് 23ന് തമിഴ്നാട്ടില്‍ റിലീസ് ചെയ്ത പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടുന്ന ചിത്രം ബോക്സ് ഓഫീസിലും ഗംഭീര കളക്ഷനാണ് നേടുന്നത്. കേരളത്തില്‍ വാഴൈ ഇന്ന് റിലീസ് ചെയ്യും.

Content Highlight: Mari Selvaraj Talks About  Censoring In His Films