| Friday, 22nd November 2024, 3:02 pm

ആ കമല്‍ ഹാസന്‍ ചിത്രത്തില്‍ നിന്നാണ് മാമന്നന്റെ ചിന്ത ഉണ്ടാകുന്നത്: മാരി സെല്‍വരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സഹ സംവിധായകനായി സിനിമ ജീവിതം ആരംഭിച്ച സംവിധായകനും എഴുത്തുകാരനുമാണ് മാരി സെല്‍വരാജ്. കല തന്റെ പ്രതിഷേധം അറിയിക്കാനുള്ള മാധ്യമം ആയിട്ടാണ് അദ്ദേഹം ഉപയോഗിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ പരിയേറും പെരുമാളാണ് മാരി സെല്‍വരാജിന്റെ ആദ്യ സിനിമ

മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മാമന്നന്‍. ജാതി വിവേചനം ചര്‍ച്ച ചെയ്ത ചിത്രത്തില്‍ വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. മാമന്നന്‍ എന്ന ചിത്രമുണ്ടാകുന്നത് തന്റെ അച്ഛന്‍ നേരിട്ട ജാതി വിവേചനത്തില്‍ നിന്നും കമല്‍ ഹാസന്‍ നായകനായ തേവര്‍ മകന്‍ എന്ന ചിത്രത്തില്‍ നിന്നുമാണെന്ന് മാരി സെല്‍വരാജ് പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇവിടെയൊരു വിഭാഗം ആളുകള്‍ക്ക് മാത്രം ബഹുമാനവും അംഗീകാരവും തുടര്‍ന്ന് ലഭിച്ചുകൊണ്ടേയിരിക്കുന്നു. അച്ഛനിലൂടെ മകനും മകനിലൂടെ അടുത്ത തലമുറകള്‍ക്കും അവസരങ്ങള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നു. രാഷ്ട്രീയത്തില്‍ പോലും അങ്ങനെയാണ്. പക്ഷേ, എന്റെ അച്ഛന് ആ മര്യാദയോ അവസരങ്ങളോ കിട്ടുന്നില്ല.

ഇതുവരെ എന്റെ അച്ഛന് ലഭിക്കാത്ത ഒരു ബഹുമാനത്തിന് വേണ്ടി ഞാനൊരു ശ്രമം നടത്തുന്നു. പുതിയ തലമുറയില്‍പ്പെട്ട ഒരുത്തന്‍ തന്റെ അച്ഛന് വേണ്ടി തന്റെ മുത്തച്ഛന് വേണ്ടി തന്റെ കുടുംബത്തിന് വേണ്ടി വരും തലമുറയ്ക്ക് വേണ്ടി ഒരു അടയാളവും അംഗീകാരവും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നു.

തേവര്‍ മകന്‍ എന്ന സിനിമ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടപ്പോള്‍ അതിലെ വടിവേലുവിന്റെ കഥാപാത്രം തേവര്‍ മകന്റെ സ്ഥാനത്തേക്ക് വന്നാല്‍ എന്താകും? അപ്പോള്‍ ഈ സമൂഹത്തില്‍ എന്ത് സംഭവിക്കും? ആ ചിന്തയില്‍ നിന്നാണ് മാമന്നന്‍ എന്ന സിനിമ ചെയ്തപ്പോള്‍ വടിവേലു സാര്‍ നായകനായി എത്തുന്നത്.

മറ്റൊരു സംഭവം പറയാം, പരിയേറും പെരുമാള്‍ സിനിമ റിലീസായ ശേഷം പുളിയങ്കുളം ഗ്രാമത്തിലേക്ക് ഞാന്‍ പോയിരുന്നു. എന്റെ അച്ഛന്‍ പണിയെടുക്കുന്ന ഒരു മുതലാളിയുടെ വീട്ടില്‍ എനിക്കൊരു വിരുന്ന് സല്‍ക്കാരം ഒരുക്കിയിരുന്നു. പക്ഷേ, എന്റെ അച്ഛനോട് അവിടെയിരിക്കാനായി ആ വീട്ടുകാര്‍ പറഞ്ഞില്ല. അതില്‍ നിന്നും വീണുകിട്ടിയൊരു തീമില്‍നിന്നാണ് ‘മാമന്നന്‍’ സിനിമ ചെയ്യുന്നത്.

ന്യൂജനറേഷനായ എന്നെ അവര്‍ സ്വീകരിച്ചു. പക്ഷേ കാലാകാലമായി അവിടെ അടിമയായി നില്‍ക്കുന്നൊരുത്തന് ഒരു മര്യാദ കൊടുക്കാന്‍പോലും അവര്‍ തയ്യാറല്ല. അന്ന് രണ്ട് മണിക്കൂറോളം അച്ഛന്‍ പുറത്തുതന്നെ നില്‍ക്കുകയായിരുന്നു. അവിടെ ധാരാളം കസേരകള്‍ ഉണ്ടായിട്ടുപോലും അച്ഛന്‍ അതിലിരുന്നില്ല,’ മാരി സെല്‍വരാജ് പറയുന്നു.

1992ല്‍ കമല്‍ ഹാസന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് തേവര്‍ മകന്‍. കമല്‍ ഹാസന്റെ അച്ഛനായി ചിത്രത്തില്‍ വേഷമിട്ടത് ശിവാജി ഗണേശനായിരുന്നു.

Content Highlight: Mari Selvaraj Says Kamal Haasan’s Thevar Magan Movie Was The Inspiration  For Maamannan Movie

We use cookies to give you the best possible experience. Learn more