തന്റെ അച്ഛന്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മാരി സെല്‍വരാജ്. ഇവിടെ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രമാണ് ബഹുമാനവും അംഗീകാരവും ലഭിക്കുന്നതെന്നും തലമുറകളിലൂടെ അവസരം കിട്ടികൊണ്ടേ ഇരിക്കുന്നെന്നും മാരി സെല്‍വരാജ് പറഞ്ഞു. രാഷ്ട്രീയത്തിലും അങ്ങനെ ആണെന്നും തന്റെ അച്ഛന് മര്യാദയോ അവസരങ്ങളോ കിട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിയേറും പെരുമാള്‍ സിനിമ റിലീസായ ശേഷം തന്റെ അച്ഛന് പണിയെടുക്കുന്ന വീട്ടില്‍ തനിക്കൊരു സല്‍ക്കാരം ഉണ്ടായിരുന്നെന്നും എന്നാല്‍ അച്ഛനോട് അവിടെ ഇരിക്കാന്‍ പറഞ്ഞില്ലെന്നും അതില്‍ നിന്നാണ് മാമന്നന്‍ എന്ന സിനിമയുടെ ചിന്ത വരുന്നതെന്നും മാരി സെല്‍വരാജ് പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇവിടെയൊരു വിഭാഗം ആളുകള്‍ക്ക് മാത്രം ബഹുമാനവും അംഗീകാരവും തുടര്‍ന്ന് ലഭിച്ചുകൊണ്ടേയിരിക്കുന്നു. അച്ഛനിലൂടെ മകനും മകനിലൂടെ അടുത്ത തലമുറകള്‍ക്കും അവസരങ്ങള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നു. രാഷ്ട്രീയത്തില്‍ പോലും അങ്ങനെയാണ്. പക്ഷേ, എന്റെ അച്ഛന് ആ മര്യാദയോ അവസരങ്ങളോ കിട്ടുന്നില്ല.
ഇതുവരെ എന്റെ അച്ഛന് ലഭിക്കാത്ത ഒരു ബഹുമാനത്തിന് വേണ്ടി ഞാനൊരു ശ്രമം നടത്തുന്നു. പുതിയ തലമുറയില്‍പ്പെട്ട ഒരുത്തന്‍ തന്റെ അച്ഛന് വേണ്ടി തന്റെ മുത്തച്ഛന് വേണ്ടി തന്റെ കുടുംബത്തിന് വേണ്ടി വരും തലമുറയ്ക്ക് വേണ്ടി ഒരു അടയാളവും അംഗീകാരവും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നു.
തേവര്‍ മകന്‍ എന്ന സിനിമ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടപ്പോള്‍ അതിലെ വടിവേലുവിന്റെ കഥാപാത്രം തേവര്‍ മകന്റെ സ്ഥാനത്തേക്ക് വന്നാല്‍ എന്താകും? അപ്പോള്‍ ഈ സമൂഹത്തില്‍ എന്ത് സംഭവിക്കും? ആ ചിന്തയില്‍ നിന്നാണ് മാമന്നന്‍ എന്ന സിനിമ ചെയ്തപ്പോള്‍ വടിവേലു സാര്‍ നായകനായി എത്തുന്നത്.
മറ്റൊരു സംഭവം പറയാം, പരിയേറും പെരുമാള്‍ സിനിമ റിലീസായ ശേഷം പുളിയങ്കുളം ഗ്രാമത്തിലേക്ക് ഞാന്‍ പോയിരുന്നു. എന്റെ അച്ഛന്‍ പണിയെടുക്കുന്ന ഒരു മുതലാളിയുടെ വീട്ടില്‍ എനിക്കൊരു വിരുന്ന് സല്‍ക്കാരം ഒരുക്കിയിരുന്നു. പക്ഷേ, എന്റെ അച്ഛനോട് അവിടെയിരിക്കാനായി ആ വീട്ടുകാര്‍ പറഞ്ഞില്ല. അതില്‍ നിന്നും വീണുകിട്ടിയൊരു തീമില്‍നിന്നാണ് ‘മാമന്നന്‍’ സിനിമ ചെയ്യുന്നത്,’ മാരി സെല്‍വരാജ് പറയുന്നു.
Content Highlight: Mari Selvaraj Says From father to son and from son to son, the opportunities continue to flow, Even in politics