റിലീസ് ചെയ്ത് രണ്ടാം വാരത്തില്‍ 50 കോടി കളക്ഷന്‍ നേടി മാരി സെല്‍വരാജ് ചിത്രം മാമന്നന്‍. തമിഴ്‌നാട്ടില്‍ നിന്നുമാണ് ചിത്രത്തിന് ഏറ്റവുമധികം കളക്ഷന്‍ ലഭിച്ചിരിക്കുന്നത്. 44 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്നും ചിത്രത്തിന് ലഭിച്ച കളക്ഷന്‍.
ഇതോടെ 2023 തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ നാലാമത്തെ ചിത്രമെന്ന റെക്കോഡും മാമന്നന്‍ സ്വന്തമാക്കിയിരിക്കുകയാണ്. വാരിസ്, പൊന്നിയിന്‍ സെല്‍വന്‍ 2, തുനിവ് എന്നിവയാണ് മാമന്നന് മുന്നിലുള്ളത്. ഇനി വരുന്ന ആഴ്ച തമിഴ് നാട്ടില്‍ നിന്ന് മാത്രം ചിത്രം 50 കോടി നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉദയനിധി സ്റ്റാലിന്റെ കരിയറിലേയും ഏറ്റവും വലിയ കളക്ഷന്‍ നേടിയിരിക്കുന്ന ചിത്രവുമായിരിക്കുകയാണ് മാമന്നന്‍. 32 കോടി നേടിയ ഒരു കല്‍ ഒരു കണ്ണാടിയായിരുന്നു ഇതിന് മുന്നേ അദ്ദേഹത്തിന്റെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം.
മാമന്നന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉദയനിധി സ്റ്റാലിന്‍ മാരിസെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയിരുന്നു. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടുകയാണ് ചിത്രം.
വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിര്‍മാണം. തേനി ഈശ്വറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം കൂടിയായ മാമന്നന്‍ ജൂണ്‍ 29 ബക്രീദ് ദിനത്തിലാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
Content Highlight: Mari Selvaraj’s ‘Mamannan’ collects Rs 50 crore