പരിയേറും പെരുമാളിലെ നായകന്‍ വില്ലന്മാരെ കൊന്നാല്‍ പ്രേക്ഷകര്‍ കൈയടിക്കും, അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്: മാരി സെല്‍വരാജ്
Entertainment
പരിയേറും പെരുമാളിലെ നായകന്‍ വില്ലന്മാരെ കൊന്നാല്‍ പ്രേക്ഷകര്‍ കൈയടിക്കും, അങ്ങനെ ചെയ്യാത്തതിന് കാരണമുണ്ട്: മാരി സെല്‍വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th August 2024, 11:24 am

പാ. രഞ്ജിത്തിന്റെ സംവിധാനസഹായിയായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് മാരി സെല്‍വരാജ്. സ്വതന്ത്രസംവിധായകനായ ആദ്യസിനിമ പരിയേറും പെരുമാള്‍ തമിഴിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ്. സമൂഹത്തിലെ ജാതിവ്യവസ്ഥക്കെതിരെ തന്റെ സിനിമകളിലൂടെ പ്രതിഷേധം അറിയിക്കുന്ന സംവിധായകനാണ് മാരി സെല്‍വരാജ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വാഴൈക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തന്റെ ആദ്യചിത്രമായ പരിയേറും പെരുമാളിന്റെ സ്‌ക്രിപ്റ്റിന്റെ സമയത്തെ മാനസികാവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് മാരി സെല്‍വരാജ്. ചിത്രത്തില്‍ നായകന്റെ അച്ഛനെ വിവസ്ത്രനാക്കി ഓടിക്കുന്ന സീന്‍ എഴുതുന്ന സമയത്ത് തന്റെയുള്ളിലെ എഴുത്തുകാരനും സംവിധായകനും തമ്മില്‍ സംഘര്‍ഷം നടന്നുവെന്ന് മാരി സെല്‍വരാജ് പറഞ്ഞു.

സ്വന്തം അച്ഛനെതിരെ അത്രയും വലിയ അക്രമം നടക്കുമ്പോള്‍ നായകന്‍ കത്തിയെടുക്കുന്നതാണ് ശരിയെന്ന് തന്റെയുള്ളിലെ സംവിധായകന്‍ പറഞ്ഞുവെന്നും എന്നാല്‍ അതിനെ തന്നിലെ എഴുത്തുകാരന്‍ തടഞ്ഞുവെന്നും മാരി സെല്‍വരാജ് പറഞ്ഞു. നായകന്‍ കത്തിയെടുത്ത് വില്ലനെ കൊന്നിരുന്നെങ്കില്‍ പ്രേക്ഷകര്‍ കൈയടിച്ചേനെയന്നും എന്നാല്‍ അതിന് പകരം ശക്തമായ മറ്റൊരു സന്ദേശം കൊടുക്കണമെന്ന് തോന്നിയെന്നും മാരി കൂട്ടിച്ചേര്‍ത്തു.

അതിന് പകരം എന്ത് ചെയ്യണമെന്ന് ചിന്തിക്കാന്‍ ഒരുപാട് സമയമെടുത്തെന്ന് മാരി സെല്‍വരാജ് പറഞ്ഞു. കത്തിയെടുക്കുന്ന നായകനെ അവന്റെ അമ്മ തടയുന്ന സീനിലൂടെ ആ മെസേജ് കണ്‍വേ ചെയ്‌തെന്നും മാരി പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെയുള്ളിലെ സംവിധായകനും എഴുത്തുകാരനും എപ്പോഴും തമ്മിലടിച്ചുകൊണ്ടിരിക്കും. പരിയേറും പെരുമാളില്‍ വില്ലന്മാര്‍ നായകന്റെ അച്ഛനെ വിവസ്ത്രനാക്കി ഓടിക്കുന്ന സീന്‍ എഴുതിയപ്പോള് എന്റെയുള്ളിലെ സംവിധായകന്‍ പറഞ്ഞത്, ഈ സീനില്‍ നായകനെക്കൊണ്ട് കത്തി എടുപ്പിച്ച് അവരെ കൊല്ല് എന്നാണ്.

പക്ഷേ എന്റെയുള്ളിലെ എഴുത്തുകാരന് അതിനോട് യോജിപ്പില്ല. അവന്‍ അപ്പോള്‍ കത്തിയെടുത്താല്‍ സമൂഹത്തിന് മുന്നില്‍ അവന്‍ മാത്രമേ തെറ്റുകാരനാകുള്ളൂ. അവന്‍ വില്ലന്മാരെ കൊന്നാല്‍ ഓഡിയന്‍സ് കൈയടിച്ചേക്കാം. പക്ഷേ എനിക്ക് അതല്ല വേണ്ടത്.

ശക്തമായ മെസേജ് അധികം ഡയലോഗുകളില്ലാതെ എങ്ങനെ കണ്‍വേ ചെയ്യാമെന്ന് ആലോചിച്ചപ്പോള്‍ അവന്‍ കത്തിയെടുക്കുന്ന സമയത്ത് അവന്റെ അമ്മ തടയുന്നുണ്ട്. ആ ഒരു ഭാഗം മാത്രം മതിയെന്ന് എനിക്ക് തോന്നി. കാരണം, കൊല്ലുന്നതില്‍ നിന്ന് അവനെ ഒരു ശക്തി തടഞ്ഞു എന്നതിന് ഇതിലു വലിയൊരു ഉദാഹരണമില്ല,’ മാരി സെല്‍വരാജ് പറഞ്ഞു.

Content Highlight: Mari Selvaraj about Pariyerum Perumal movie