| Saturday, 24th June 2023, 8:44 am

ആ സമയത്തെ എന്റെ മാനസികാവസ്ഥ കമല്‍ സാറിന് മാത്രമേ അറിയുകയുള്ളൂ; തേവര്‍ മകന്‍ വിവാദത്തില്‍ മാരി സെല്‍വരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസന്‍ നായകനായ തേവര്‍ മകന്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ മാരി സെല്‍വരാജ് അടുത്തിടെ നടത്തിയ പ്രസ്താവന ചര്‍ച്ചയായിരുന്നു. സിനിമ കണ്ടപ്പോള്‍ താന്‍ ധര്‍മ്മസങ്കടത്തിലായെന്നും സിനിമ ശരിയോ തെറ്റോ എന്ന് എനിക്ക് മനസിലായില്ലെന്നുമാണ് മാമന്നന്‍ എന്ന പുതിയ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ മാരി സെല്‍വരാജ് പറഞ്ഞത്. കമല്‍ ഹാസനും വേദിയില്‍ ഉള്ളപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം. പരാമര്‍ശത്തിന് പിന്നാലെ മാരി സെല്‍വരാജിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

പരാമര്‍ശം ചര്‍ച്ചയായതോടെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാരി സെല്‍വരാജ്. താന്‍ ആ സമയത്ത് എത്രത്തോളം ഇമോഷണലായിരുന്നുവെന്നും കമല്‍ ഹാസന് മാത്രമേ അറിയുകയുള്ളൂവെന്നും 13 വര്‍ഷം മുമ്പ് അദ്ദേഹത്തിന് കത്തെഴുതിയത് രോഷത്തോടെയിരിക്കുന്ന സമയത്തായിരുന്നുവെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ മാരി സെല്‍വരാജ് പറഞ്ഞു.

‘അത് വളരെ ഇമോഷണലായ മൊമെന്റ് ആയിരുന്നു. കമല്‍ ഹാസന്‍ മാമന്നന്‍ കണ്ടിട്ട് ആ ചിത്രത്തെ പറ്റി സ്റ്റേജില്‍ സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. ആ സമയത്ത് ഞാന്‍ എത്രമാത്രം ഇമോഷണലാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അദ്ദേഹത്തിന് കത്തെഴുതിയത് രോഷത്തോടെ ആയിരുന്നു. ആ സമയം എനിക്ക് വായിക്കുന്ന ശീലമില്ലായിരുന്നു.

തമിഴ് സിനിമയില്‍ മാമന്നന്‍ കണ്ട ഏകവ്യക്തി കമല്‍ ഹാസന്‍ സാറാണ്. അദ്ദേഹത്തിനൊപ്പം ചിത്രം കണ്ടപ്പോള്‍ ഞാന്‍ എത്രത്തോളം ഇമോഷണല്‍ ആണെന്ന് എനിക്കും അദ്ദേഹത്തിനും മാത്രമേ അറിയുകയുള്ളൂ. ആ ചിത്രം കണ്ടതിന് ശേഷം ഞാന്‍ എന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്റെ കൈ പിടിച്ച് എന്നെ പ്രശംസിച്ചതാണ് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ നേട്ടം. അദ്ദേഹം എനിക്ക് മുമ്പില്‍ ഇരിക്കുമ്പോള്‍ ഒരുപാട് ദിവസങ്ങളായി എന്റെ മനസില്‍ ഉള്ളതിനെ പറ്റി സംസാരിച്ചില്ലെങ്കിലും അതിനെ പറ്റി അദ്ദേഹത്തോട് പിന്നെ ഞാന്‍ സംസാരിക്കും,’ മാരി സെല്‍വരാജ് പറഞ്ഞു.

മാമന്നന്‍ ചെയ്യാന്‍ തേവര്‍ മകനും കാരണമായിട്ടുണ്ടെന്നാണ് മാരി സെല്‍വരാജ് നേരത്തെ പറഞ്ഞത്. ‘മാമന്നന്‍ ചെയ്യാന്‍ തേവര്‍ മകനും ഒരു കാരണമായി. കര്‍ണന്‍ ചെയ്യുന്നതിന് മുമ്പും പരിയേരും പെരുമാള്‍ ചെയ്യുന്നതിന് മുമ്പും മാമന്നന്‍ ചെയ്യുന്നതിന് മുമ്പും തേവര്‍ മകന്‍ കണ്ടു. ഇന്ന് തേവര്‍ മകന്‍ ഒരു മാസ്റ്റര്‍പീസ് ആയി കണക്കാക്കപ്പെടുന്നു. എല്ലാ സംവിധായകരും അവരുടെ സിനിമകള്‍ ചെയ്യുന്നതിന് മുമ്പ് ഈ ചിത്രം കാണുമായിരുന്നു. ഞാനും അതുതന്നെ ചെയ്തു.

ആദ്യം സിനിമ കണ്ടപ്പോള്‍ ഞാന്‍ ധര്‍മ്മസങ്കടത്തിലായി. സിനിമ ശരിയോ തെറ്റോ എന്ന് എനിക്ക് മനസിലായില്ല. തേവര്‍ മകനില്‍ എന്റെ അച്ഛന്‍ വന്നാല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ ആലോചിച്ചു. മാമന്നന്‍ എന്റെ അപ്പാക്ക് വേണ്ടി പണിത സിനിമ കൂടിയാണ്. തേവര്‍ മകനില്‍ വടിവേലു അവതരിപ്പിച്ച ഇസൈക്കി ഇതില്‍ മാമന്നനാണ്’, മാരി സെല്‍വരാജ് പറഞ്ഞു.

Content Highlight: mari selvaraj about his statement on thevar makan

We use cookies to give you the best possible experience. Learn more