മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു
World
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th April 2013, 10:53 am

ബ്രിട്ടന്‍: ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഉരുക്കു വനിത മാര്‍ഗരറ്റ് താച്ചര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകരണം. 1979 മുതല്‍ 1990 വരെ ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് ബ്രിട്ടനില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വനിതയായിരുന്നു.[]

ചരിത്രത്തില്‍ പ്രധാനമന്ത്രിപദത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച രണ്ടാമത്തെ വ്യക്തിയാണ് താച്ചര്‍. ബ്രിട്ടന്റെ സാമ്പത്തിക വിദേശ നയങ്ങളില്‍ കാതലായ മാറ്റം വരുത്തിയതും ഉദാരവല്‍ക്കരണത്തിന് തുടക്കം കുറിച്ചതും മാര്‍ഗരറ്റ് താച്ചറിന്റെ കാലത്താണ്.

പലച്ചരക്ക് വ്യാപാരിയായ ആല്‍ഫ്രഡ് റോബര്‍ട്‌സിന്റെ  മകളായി 1925 ഒക്ടോബര്‍ 13 നാണ് മര്‍ഗരറ്റ് താച്ചറിന്റെ ജനനം. സോമര്‍വില്ലെ കോളജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദമെടുത്ത താച്ചര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അസോസിയേഷനില്‍ ചേര്‍ന്ന് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു.

1959ല്‍ ഫിന്‍ച്‌ലിയില്‍ നിന്നാണ് മാര്‍ഗരറ്റ് ആദ്യമായി പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 1979 മേയ് നാലിന് മാര്‍ഗരറ്റ് താച്ചര്‍ ആദ്യമായി പ്രധാനമന്ത്രിയായി.