| Thursday, 18th January 2024, 5:25 pm

'ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യിപ്പിച്ചു; പെയ്‌മെന്റ് ചോദിച്ചപ്പോൾ പ്രൊഡ്യൂസർ അസോസിയേഷനിൽ കേസ് കൊടുത്തു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൊക്കേഷനിലെ സെറ്റിൽ വെച്ച് തനിക്ക് നേരിട്ട ഒരു ദുരനുഭവം പങ്കുവെക്കുകയാണ് നടി മെറീന. പ്രശാന്ത് മുരളി നായകനായ ‘വയസ്സെത്രയായി മുപ്പത്തിഒന്ന്..’ എന്ന സിനിമയിൽ വർക്ക് ചെയ്യുമ്പോൾ ഡസ്റ്റ് അലർജി ഉണ്ടായെന്നും ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ മൂന്ന് ദിവസം റെസ്റ്റെടുക്കാൻ പറഞ്ഞെന്നും മെറീന കൂട്ടിച്ചേർത്തു. എന്നാൽ ഹോസ്പിറ്റലിൽ പോയ അന്ന് തന്നെ വർക്ക് ചെയ്യിപ്പിച്ചെന്നും പെയ്‌മെന്റ് ചോദിച്ചപ്പോൾ നിർമാതാവ് പ്രൊഡ്യൂസർ അസോസിയേഷനിൽ പരാതി നൽകിയെന്നും മെറീന പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘വയസ്സെത്രയായി എന്ന് പറഞ്ഞിട്ടുള്ള പ്രശാന്ത് മുരളി നായകനായിട്ടുള്ള സിനിമയിൽ ഞാൻ വർക്ക് ചെയ്തു. കൃത്യമായിട്ട് പറയാൻ കാരണം ഞാൻ അതിൽ നടന്ന സംഭവമായതുകൊണ്ടാണ്. ആ സിനിമ ചെയ്യുന്ന സമയത്ത് ഡെസ്റ്റലർജി അടിച്ചിട്ട് എനിക്ക് മൂന്ന് ദിവസം ശ്വാസം കിട്ടുന്നില്ല. നാലാമത്തെ ദിവസം പ്രൊഡക്ഷനിലെ ചേട്ടൻ ചായ കൊണ്ടുവന്നപ്പോൾ എനിക്ക് ശ്വസിക്കാൻ പറ്റുന്നില്ല. അവരെന്നെ വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോയി.

വടകരയുള്ള ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഹോസ്പിറ്റലിൽ നിന്ന് എന്നോട് മൂന്നുദിവസം കമ്പ്ലീറ്റ് റെസ്റ്റ് പറഞ്ഞു. ശ്വാസം കിട്ടാത്തതുകൊണ്ട് നെബുലൈസ് ചെയ്യാൻ പറഞ്ഞു. പ്രൊഡ്യൂസർ ഒരു ഗവൺമെന്റ് ഹോസ്പിറ്റലിലെ ഡോക്ടറെ കൂട്ടി ഐസിയുവിൽ കയറി വന്ന് ഡിസ്ചാർജ് ചെയ്തു.

ഹോസ്പിറ്റലിൽ പോയ അതേ ദിവസം എന്നെക്കൊണ്ട് വർക്ക് ചെയ്യിപ്പിച്ചു. പിറ്റേദിവസം മാത്രം എനിക്ക് കുറച്ച് ഓഫ് തന്നു. എന്റെ അവസ്ഥ അത്രയും മോശമായിരുന്നു. ഈ ആളുകൾ തന്നെ ഞാൻ ഷൂട്ടിന് സഹകരിക്കുന്നില്ല എന്ന് പറഞ്ഞു പ്രൊഡ്യൂസർ അസോസിയേഷനിൽ വിളിച്ചു കംപ്ലൈന്റ്റ് പറഞ്ഞു. അവിടുന്ന് അസോസിയേഷനിലെ ഓരോ ആളുകൾ ചേർന്ന് എന്നെ വിളിക്കാൻ തുടങ്ങി.

അത് ഞാൻ പെയ്മെൻറ് ചോദിച്ചതിനുശേഷമാണ്. 6 ദിവസം കഴിഞ്ഞപ്പോൾ ഞാൻ എന്റെ ഫസ്റ്റ് ഷെഡ്യൂളിന്റെ പെയ്മെൻറ് ചോദിച്ചു. ഞാനെന്റെ ഹെൽത്ത് കൂടെ ഫേസ് ചെയ്യുന്ന വർക്കാണ്. വന്നപ്പോൾ തന്നെ പെയ്മെൻറ് ചോദിക്കാൻ ഇവൾ ആരാ എന്ന ആറ്റിറ്റ്യൂഡിൽ അവർ അസോസിയേഷനിൽ വിളിച്ചു പറയുന്നു. ഇതൊരു മെയിൽ ആക്ടർ ആണെങ്കിൽ അങ്ങനെ ഉണ്ടാകില്ല. പ്രശാന്ത് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കുന്നതെങ്കിൽ അവര് ഇരുന്ന് സംസാരിക്കും,’ മെറീന പറഞ്ഞു.

Content Highlight: mareena about a bad incident faced in a movie  location

We use cookies to give you the best possible experience. Learn more