ചെന്നൈ: ഇന്നലെ വൈകീട്ട് അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ഭൗതികശരീരം അണ്ണാശാലയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. ഇന്നു രാവിലെയാണ് പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസരമൊരുക്കാനായി ഭൗതികശരീരം ഹാളിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം എന്നിവര്‍ ഹാളിലെത്തി ഡി.എം.കെ മുഖ്യന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രജനീകാന്തും മുന്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ടി.വി.വി ദിനകരനും രാവിലെതന്നെ രാജാജി ഹാളിലെത്തിയിരുന്നു. ഗോപാലപുരത്തെ സ്വകാര്യവസതിയില്‍ നിന്നും മകള്‍ കനിമൊഴിയുടെ സി.ഐ.ടി. കോളനിയിലെ വസതിയിലെത്തിച്ച് അന്തിമോപചാരങ്ങള്‍ക്കു ശേഷമാണ് ഹാളിലേക്ക് മാറ്റിയത്.
അതേസമയം, കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലം സംബന്ധിച്ച തര്‍ക്കത്തിലെ വാദം കേള്‍ക്കല്‍ ഹൈക്കോടതി ബെഞ്ച് രാവിലെ എട്ടിലേക്കു മാറ്റിവച്ചു. തര്‍ക്കവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്നലെ വാദം മുഴുവനാക്കാതെ കോടതി പിരിഞ്ഞത്. മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹുലുവാദി ജി. രമേശ്, ജസ്റ്റിസ് സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി രാവിലെ 10.30ഓടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: ഡി.എം.കെയുടെ ഹരജിയില്‍ കോടതി തീരുമാനം വൈകുന്നു; ആശുപത്രിയ്ക്ക് പുറത്ത് സംഘര്‍ഷാവസ്ഥ
ആര്‍.എസ്.എസാണ് മറീനയിലെ അണ്ണാ സമാധിക്കു സമീപം കരുണാനിധിയെ അടക്കം ചെയ്യാനുള്ള നീക്കങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതെന്ന ആരോപണവുമായി ഡി.എം.കെ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. സമാധിസ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഡി.എം.കെയുടെ പക്ഷം പിടിച്ചു കൊണ്ട് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ മുന്നോട്ടുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ചെന്നൈയിലെ കരുണാനിധിയുടെ വസതിയിലെത്തിയാണ് മമത ഡി.എം.കെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
കരുണാനിധിക്ക് അന്ത്യവിശ്രമം കൊള്ളാന്‍ മറീനാ ബീച്ചില്‍ സ്ഥലമനുവദിക്കുന്നത് തീരദേശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തിനു പിറകിലുള്ള സ്ഥലമാണ് കരുണാനിധിയ്ക്കായി ആവശ്യപ്പെടുന്നതെന്നും ഇത് നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും ഡി.എം.കെ അഭിഭാഷകര്‍ പറയുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് സര്‍ക്കാരിന്റെ നിലപാടെന്നും ഡി.എം.കെ ഇന്നലെ കോടതിയില്‍ വാദിച്ചു.
കരുണാനിധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും ഇന്ന് രാവിലെ ചെന്നൈയിലെത്തും.