| Sunday, 29th October 2023, 12:20 pm

ഇന്ത്യയെ സ്വന്തം മണ്ണില്‍ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു: ഇംഗ്ലണ്ട് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് ആവേശകരമായ മത്സരങ്ങള്‍ക്കായി ലഖ്നൗ സ്റ്റേഡിയം ഒരുങ്ങികഴിഞ്ഞു. ഈ മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ടീമിലുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് മാര്‍ക്കസ് ട്രെസ്‌കോത്തിക്.

ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ സാഹചര്യം കൂടുതല്‍ മനസിലാക്കണമെന്നും ഇന്ത്യക്കെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തണമെന്നുമാണ് ട്രെസ്‌കോത്തിക് പറഞ്ഞത്.

‘മത്സരത്തില്‍ സാഹചര്യങ്ങള്‍ മനസിലാക്കി ബുദ്ധിപരമായി നീങ്ങി എതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ കഴിയണം. പല മത്സരങ്ങളില്‍ ഞങ്ങള്‍ ഇത് നേടിയിട്ടുണ്ടെങ്കിലും സ്ഥിരതയുള്ള പ്രകടനം നിലനിര്‍ത്താന്‍ സാധിക്കാത്തതാണ് ഞങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. മത്സരത്തില്‍ താരങ്ങള്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കാനും മികച്ച പ്രകടനങ്ങളിലൂടെ ടീം ആഗ്രഹിച്ച  സ്‌കോര്‍ കണ്ടെത്താനും സാധിക്കണം,’ ട്രെസ്‌കോത്തിക് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യക്കെതിരെ കളിക്കുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കെതിരെ അവരുടെ തട്ടകത്തില്‍ കളിക്കുന്നത് വലിയ ഒരു കാര്യമാണ്. വലിയ ആരാധകകൂട്ടത്തെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഈ അവസരത്തിനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. ഞങ്ങളുടെ തന്ത്രം വളരെ ലളിതമാണ്. ശക്തമായ പ്രകടനം കാഴ്ചവെക്കുകയും വിജയം പിടിച്ചെടുക്കുകയും ചെയ്യുക. ഈ മത്സരത്തില്‍ ഞാന്‍ വളരെ ആവേശഭരിതനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ ചാമ്പ്യന്‍മാർ അഞ്ച് മത്സരങ്ങളില്‍ നാല് മത്സരവും പരാജയപ്പെട്ട് അവസാനസ്ഥാനത്താണ്. മുന്നിലുള്ള മത്സരങ്ങള്‍ എല്ലാം വിജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് സെമിഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ.

അതേസമയം ഇന്ത്യ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളും വിജയിച്ചുകൊണ്ട് അപരാജിതകുതിപ്പാണ് നടത്തുന്നത്. ആറാം വിജയം ലക്ഷ്യമിട്ട് ഇന്ത്യയും ജീവന്‍മരണ പോരാട്ടത്തിനായി ഇംഗ്ലണ്ടും കളത്തിലിറങ്ങുമ്പോള്‍ മത്സരം തീപാറും എന്നതില്‍ യാതൊരു സംശയവുമില്ല.

Content Highlight: Marcus Trescothick has expressed his confidence in the England team. 

We use cookies to give you the best possible experience. Learn more