ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ കങ്കാരുക്കള്‍ 111 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം നേടിയിരുന്നു. കിങ്‌സ്മീഡില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 227 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടീസ് 115 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
പല നാടകീയ സംഭവങ്ങള്‍ക്കും ആദ്യ ടി-20 മത്സരം സാക്ഷിയായിരുന്നു. അതിലൊന്നായിരുന്നു മാര്‍കസ് സ്റ്റോയ്‌നിസ് തെംബ ബാവുമക്ക് സല്യൂട്ട് ചെയ്തുകൊണ്ട് സെന്റ് ഓഫ് നല്‍കിയത്. സ്‌റ്റോയ്‌നിസിന്റെ പ്രതികാരമായിരുന്നു ആ സല്യൂട്ടിലൂടെ കിങ്‌സ്മീഡ് സ്റ്റേഡിയം കണ്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് പതറുമ്പോഴാണ് മാര്‍കസ് സ്‌റ്റോയ്‌നിസ് ക്രീസിലെത്തിയത്. എന്നാല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ താരം മടങ്ങുകയായിരുന്നു.
ലിസാഡ് വില്യംസിന്റെ പന്തില്‍ മാര്‍കോ യാന്‍സന് ക്യാച്ച് നല്‍കിയായിരുന്നു സ്‌റ്റോയ്‌നിസിന്റെ മടക്കം. ഒമ്പത് പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍, ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെയാണ് നാലാം വിക്കറ്റായി സ്‌റ്റോയ്‌നിസ് മടങ്ങുന്നത്.
സ്റ്റോയ്‌നിസിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെ സല്യൂട്ട് സെലിബ്രേഷന്‍ നടത്തിയാണ് വില്യംസ് യാത്രയാക്കിയത്.
ഇതിന് മറുപടി നല്‍കാന്‍ സ്റ്റോയ്‌നിസിന് അധികമൊന്നും കാത്തിരിക്കേണ്ടിയും വന്നിരുന്നില്ല. സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഓസീസ് പേസര്‍ തന്റെ റിവെഞ്ച് പൂര്‍ത്തിയാക്കിയിരുന്നു.
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് സ്റ്റോയ്‌നിസ് മടക്കിയത്. നേരിട്ട രണ്ടാം പന്തില്‍ സില്‍വര്‍ ഡക്കായാണ് ബാവുമ പുറത്തായത്.
ബാവുമയുടെ വിക്കറ്റ് നേട്ടത്തിന് പിന്നാലെ സല്യൂട്ട് നല്‍കിയാണ് സ്റ്റോയ്‌നിസ് താരത്തിന് സെന്റ് ഓഫ് നല്‍കിയത്. സ്റ്റോയ്‌നിസിന്റെ ഈ പ്രതികാരത്തെ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നുണ്ട്.
അതേസമയം, ഈ മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്ന് ടി-20കളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഓസ്‌ട്രേലിയക്കായി. സെപ്റ്റംബര്‍ ഒന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. കിങ്‌സ്മീഡ് സ്റ്റേഡിയം തന്നെയാണ് വേദി.
ടി-20 പരമ്പരക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഓസീസ് സൗത്ത് ആഫ്രിക്കയില്‍ കളിക്കും. ഇതിന് പുറമെ ഇന്ത്യക്കെതിരെയും ഓസീസ് ഏകദിന പരമ്പരക്കിറങ്ങുന്നുണ്ട്. സെപ്റ്റംബര്‍ 22നാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയില്‍ ഉണ്ടാവുക.
ലോകകപ്പിന് മുമ്പ് ആവശ്യത്തിന് പ്രാക്ടീസ് മാച്ച് ലഭിക്കും എന്നതിനാല്‍ പൂര്‍ണ സജ്ജരായിട്ടാവും ഓസീസ് ബിഗ് ഇവന്റിനായി ഇന്ത്യയിലേക്ക് പറക്കുക.
Content Highlight: Marcus Stoinis’ salute celebration goes viral