| Sunday, 29th October 2023, 11:37 am

ലിവര്‍പൂളിനെതിരെയുള്ള വിജയം പോലെയാവും സിറ്റിക്കെതിരെയും; മാഞ്ചസ്റ്റർ ഡെര്‍ബി പ്രതീക്ഷകള്‍ പങ്കുവെച്ച് റാഷ്‌ഫോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശകരമായ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് മുന്നോടിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് താരമായ മാര്‍കസ് റാഷ്‌ഫോഡ് മത്സരത്തിനെകുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചു.

കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനെതിരെ നേടിയ വിജയം പോലെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ജയിക്കാന്‍ കഴിയുമെന്നാണ് റാഷ്‌ഫോഡ് പറഞ്ഞത്.

‘ഇത് ഫുട്‌ബോള്‍ ആണ് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. നിലവില്‍ ഞങ്ങള്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഞങ്ങള്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ചു. കഴിഞ്ഞ സീസണ്‍ ഞാന്‍ ഓര്‍ക്കുന്നു ലിവര്‍പൂളിനെതിരെയുള്ള മത്സരത്തിന് മുമ്പ് ഞങ്ങള്‍ ലീഗില്‍ അത്ര മികച്ച നിലയിലായിരുന്നില്ല. ആ മത്സരത്തില്‍ ഞങ്ങള്‍ വിജയിച്ചു. അത്തരത്തിലുള്ള ഒരു പ്രകടനമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വിജയം നേടാനായാല്‍ കൂടുതല്‍ സന്തോഷമാവും. എനിക്ക് ലിവര്‍പൂളുമായുള്ള മത്സരവുമായി ചില സമാനതകള്‍ കാണാന്‍ കഴിയുന്നു. കളിക്കുന്ന എല്ലാ മത്സരങ്ങളിലും മികച്ച പോരാട്ടം നടത്താന്‍ കഴിയും. ഞങ്ങള്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ നേടണം. ഞങ്ങള്‍ക്ക് പ്രീമിയര്‍ ലീഗിൽ മുന്നേറേണ്ടതുണ്ട്,’ റാഷ്‌ഫോഡ് പറഞ്ഞു.

എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ യുണൈറ്റഡിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് റെഡ് ഡെവിള്‍സ് വരുന്നത്.

അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി മികച്ച മുന്നേറ്റമാണ് ലീഗില്‍ നടത്തിയത്. ഒന്‍പത് മത്സരങ്ങളില്‍ നിന്നും 21 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സിറ്റി.

191-ാമത് മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് ഓള്‍ഡ് ട്രാഫോര്‍ഡ് സാക്ഷ്യം വഹിക്കുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നതില്‍ യാതൊരു സംശയവുമില്ല.

Content Highlight: Marcus Rashford share the hopes of Manchester derby.

We use cookies to give you the best possible experience. Learn more