| Monday, 20th February 2023, 12:10 pm

റൊണാള്‍ഡോയെക്കുറിച്ചുള്ള റിയോ ഫെര്‍ഡിനന്‍ഡിന്റെ ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്.

റൊണാള്‍ഡോ ക്ലബ്ബ് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെ പോലൊരു താരത്തെ വിടാനൊരുങ്ങിയതിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയിരുന്നു. അതിലൊരാലാണ് മുന്‍ യുണൈറ്റഡ് താരം റിയോ ഫെര്‍ഡിനന്‍ഡ്.

ക്രിസ്റ്റ്യാനോയെ പോകാന്‍ അനുവദിച്ചാല്‍ അദ്ദേഹം ക്ലബ്ബിനായി നേടിയ 24 ഗോളുകല്‍ മറ്റാര് നേടും എന്നായിരുന്നു അന്ന് അദ്ദേഹം ചോദിച്ചിരുന്നത്.

അതിന് തകര്‍പ്പന്‍ പെര്‍ഫോമന്‍സിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്.

ലോകകപ്പിന് ശേഷം മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. 18 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.

വേള്‍ഡ് കപ്പിന് ശേഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് റാഷ്‌ഫോര്‍ഡ്. നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്ന യുണൈറ്റഡിനെ റാഷ്‌ഫോര്‍ഡ് കരക്കെത്തിക്കുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നിഴലിലായതിനാല്‍ റാഷ്‌ഫോര്‍ഡിനെ പോലെയുള്ള താരങ്ങള്‍ക്ക് കഴിവ് പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അത് മാറിയെന്നും അഭിപ്രായപ്പെട്ട് പലരും രംഗത്തെത്തിയിരുന്നു.

അതേസമയം, പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്.

അഭിമുഖത്തില്‍ കോച്ച് എറിക് ടെന്‍ ഹാഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചും ക്ലബ്ബില്‍ താന്‍ അഭിമുഖീകരിച്ചിരുന്ന അസ്വാരസ്യങ്ങളെ കുറിച്ചുമെല്ലാം റൊണാള്‍ഡോ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും റൊണാള്‍ഡോയും പരസ്പരണ ധാരണയോടെ പിരിഞ്ഞത്.

യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി സൈനിങ് നടത്തുകയായിരുന്നു.

200 മില്യണ്‍ ഡോളര്‍ നല്‍കിയാണ് താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്. അല്‍ നസറില്‍ മികവോടെ കളിക്കുകയാണ് റൊണാള്‍ഡോ.

ഇതുവരെ നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. കൂടാതെ ലീഗ് ഫുട്‌ബോളില്‍ 500 ഗോളുകള്‍ എന്ന നേട്ടം അല്‍ നസറില്‍ പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ, ഈ വര്‍ഷം മെസി നേടിയ ഗോളുകളെക്കാള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു.

Content Highlights: Marcus Rashford has now answered Rio’s Cristiano Ronaldo question

We use cookies to give you the best possible experience. Learn more