| Saturday, 29th April 2023, 1:33 pm

'മെസി ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ ഞാനും ഭാര്യയും കരയുകയായിരുന്നു'; മനസുതുറന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തറില്‍ ലയണല്‍ മെസി വിശ്വകിരീടമുയര്‍ത്തിയപ്പോള്‍ താനും ഭാര്യയും കരയുകയായിരുന്നെന്ന് അര്‍ജന്റീനയുടെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കോസ് റോജോ. അര്‍ജന്റൈന്‍ ഔട്‌ലെറ്റായ ടി.വൈ.സി സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തിലാണ് റോജോ ഇക്കാര്യം സംസാരിച്ചത്.

‘എനിക്കോര്‍മയുണ്ട് അത് പല വികാരങ്ങല്‍ ഇടകലര്‍ന്ന അനുഭവമായിരുന്നു. മെസി, ഏഞ്ചല്‍ ഡി മരിയ, നിക്കോളാസ് ഒട്ടമെന്റി തുടങ്ങി പല താരങ്ങളുടെയും സന്തോഷ പ്രകടനം കാണാനായി. അന്ന് ഞങ്ങള്‍ക്ക് ഫൈനല്‍ നഷ്ടമായതിന്റെ എല്ലാം സങ്കടവും അവിടെ ഉരുകിത്തീരുകയായിരുന്നു.

ഞാനതിനെ കുറിച്ച് എന്റെ ഭാര്യയോട് സംസാരിക്കുകയായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് നമ്മള്‍ ഇവിടെയെത്തിയെന്ന്. ഞങ്ങള്‍ക്ക് ഒരു ഭാഗ്യവും ഇല്ലായിരുന്നു. ജെര്‍മനിയുടെ ഞങ്ങളന്ന് തോറ്റുമടങ്ങിയപ്പോള്‍ എല്ലാ പ്രതീക്ഷകളും അവിടെ അവസാനിക്കുകയായിരുന്നു. അവിടെ നിന്നാണ് ഇത്തരമൊരു ജയം ഞങ്ങളെ തുണച്ചത്,’ റോജോ പറഞ്ഞു.

2014-2016 സീസണുകളില്‍ അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനല്‍സ് കളിക്കുമ്പോള്‍ റോജോ മെസിക്കൊപ്പം ടീമിലുണ്ടായിരുന്നു. 45 മത്സരങ്ങളില്‍ റോജോ മെസിക്കൊപ്പം ബൂട്ടുകെട്ടിയിട്ടുണ്ട്.

അതേസമയം, ഖത്തര്‍ ലോകകപ്പിന് ശേഷവും ഗോള്‍ വേട്ട തുടരുകയാണ് ടീം അര്‍ജന്റീന. കുറസാവോക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചിരുന്നു. എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ആല്‍ബിസെലസ്റ്റയുടെ ജയം.

ലയണല്‍ മെസി ഹാട്രിക് നേടിയ മത്സരത്തില്‍ നിക്കോളാസ് ഗോണ്‍സാലസ്, എന്‍സോ ഫെര്‍ണാണ്ടസ്, ഏഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ മോണ്ടിയാല്‍ എന്നിവരാണ് അര്‍ജന്റീനയുടെ മറ്റ് ഗോളുകള്‍ നേടിയത്. ആദ്യ ഗോള്‍ കണ്ടെത്താന്‍ അര്‍ജന്റീനക്ക് 20 മിനിട്ട് പിന്നിടേണ്ടി വന്നെങ്കിലും 37ാം മിനിട്ടില്‍ തന്നെ മെസി തന്റെ ഹാട്രിക് തികച്ചു.

മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര കരിയറില്‍ നൂറ് ഗോളെന്ന നേട്ടം മെസി സ്വന്തമാക്കയിരുന്നു. ഇതോടെ ഇന്റര്‍നാഷണല്‍ ഫുടബോളില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും മെസി പേരിലാക്കി.

മൂന്ന് ഗോളുകള്‍ക്ക് പുറമെ ഒരു അസിസ്റ്റും മെസി സ്വന്തമാക്കിയിരുന്നു. ലോ സെല്‍സോ രണ്ട് അസിസ്റ്റുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ നേടിയ നിക്കോളാസ് ഗോണ്‍സാലസ് മറ്റൊരു ഗോളിന് വഴിയൊരുക്കി. പകരക്കാരനായിറങ്ങിയ ഡിബാലയാണ് മത്സരം അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ മോണ്ടിയാല്‍ നേടിയ ഗോളിന് വഴിയൊരുക്കിയത്. ഇതോടെ ലോകകപ്പിന് ശേഷം സ്വന്തം നാട്ടില്‍ നടന്ന രണ്ട് മത്സരങ്ങളിലും മികച്ച വിജയം നേടാന്‍ ടീം അര്‍ജന്റീനക്കായി.

Content Highlights: Marcos Rojo shares his feelings when Argentina won world cup

We use cookies to give you the best possible experience. Learn more