| Sunday, 7th May 2023, 9:18 am

മെസിക്ക് പിന്നാലെ അവനും പി.എസ്.ജിയില്‍ നിന്ന് പടിയിറങ്ങുന്നു; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയിലെ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം നാള്‍ക്കുനാള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ക്ലബ്ബിന്റെ അനുമതിയില്ലാതെ രാജ്യം വിട്ടതിന് കഴിഞ്ഞ ദിവസം പി.എസ്.ജി ലയണല്‍ മെസിയെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും തൊട്ടുപിന്നാലെ താരം പി.എസ്.ജി വിടുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തിരുന്നു. ഇറ്റാലിയന്‍ താരം മാര്‍ക്കോ വെരാട്ടി ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിടുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2012ലാണ് വെരാട്ടിയെ പെസ്‌കാര ക്ലബ്ബില്‍ നിന്ന് 12 മില്യണ്‍ യൂറോക്ക് പി.എസ്.ജി സ്വന്തമാക്കിയത്. തുടര്‍ന്ന് 411 മത്സരങ്ങളില്‍ താരം പി.എസ്.ജിക്കായി ബൂട്ടുകെട്ടി. എന്നിരുന്നാലും, ഈ സീസണില്‍ വെരാട്ടിക്ക് മികവ് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. സീസണില്‍ ഇതുവരെ കളിച്ച 33 മത്സരങ്ങളില്‍ ഒരു അസിസ്റ്റ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പി.എസ്.ജിയിലെ നിലവിലെ അന്തരീക്ഷത്തില്‍ വെരാട്ടി സന്തുഷ്ടനല്ലെന്നാണ് സ്പാനിഷ് മാധ്യമമായ ലെ എക്വിപ് റിപ്പോര്‍ട്ട് ചെയ്തത്.

മാനേജ്‌മെന്റിന്റെ ഭാഗത്തുണ്ടാകുന്ന വീഴ്ചക്ക് പോലും ആരാധകര്‍ താരങ്ങളോട് ദേഷ്യം പ്രകടിപിക്കുന്നതില്‍ അതൃപ്തിയുണ്ടെന്നും വെരാട്ടി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പി.എസ്.ജിക്കായി എട്ട് ലീഗ് വണ്‍ ട്രോഫികളടക്കം നിരവധി ടൈറ്റിലുകള്‍ നേടിക്കൊടുക്കുന്നതില്‍ വെരാട്ടി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2026 വരെ പി.എസ്.ജിയുമായി 30കാരനായ താരത്തിന് കരാര്‍ ഉണ്ടെങ്കിലും ക്ലബ്ബ് വിടാനാണ് വെരാട്ടി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

താരത്തെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ്ബുകള്‍ രംഗത്തുണ്ടെങ്കിലും ഇറ്റലിയിലേക്ക് മടങ്ങാനാണ് വെരാട്ടി താത്പര്യപ്പെടുന്നതെന്നാണ് എല്‍ എക്വിപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, ലീഗ് വണ്ണില്‍ ലോറിയന്റിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു മെസിയുടെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസിഡറായ മെസി പി.എസ്.ജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും താരത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം മെസി സൗദിയിലേക്ക് പോവുകയായിരുന്നെന്നുമായിരുന്നു റിപ്പോര്‍ട്ട്.

വിവാദങ്ങള്‍ക്ക് പിന്നാലെ മെസി സഹതാരങ്ങളോട് ക്ഷമാപണം നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അംഗീകരിക്കുന്നുവെന്നും പി.എസ്.ജിയുടെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും വീഡിയോയില്‍ പറയുന്നു.

Content Highlights: Marco Veratti will leave PSG in the end of the season, report

We use cookies to give you the best possible experience. Learn more