ലയണല്‍ മെസി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇവരിൽ ആരാണ് ഫുട്‌ബോളിലെ മികച്ചവര്‍ എന്ന് എല്ലാകാലത്തും സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചയാണ്. വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഡച്ച് ഇതിഹാസം മാര്‍ക്കോ വാന്‍ ബാസ്റ്റന്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച താരമാണെങ്കിലും, മെസിയുടെ അത്ര മികച്ച താരമല്ല റോണോ എന്നാണ് മാര്‍ക്കോ വാന്‍ ബാസ്റ്റന്‍ പറഞ്ഞത്.
‘ക്രിസ്റ്റ്യാനോ ഒരു മികച്ച കളിക്കാരനാണ്, എന്നാല്‍ മെസിയേക്കാള്‍ മികച്ചവനാണ് റൊണാള്‍ഡോ എന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോളിനെക്കുറിച്ച് ഒന്നും അറിയില്ല. ചിലപ്പോള്‍ അവര്‍ ഇത് ഒരു തെറ്റായ വിശ്വാസത്തിലാണ് പറയുന്നത്. മെസി അസാധാരണമായ കഴിവുള്ള താരമാണ്. അവനെ അനുകരിക്കാന്‍ ശ്രമിക്കുന്നത് അസാധ്യമാണ്. ഓരോ 50-ഓ 100-ഓ വര്‍ഷം കൂടുമ്പോള്‍ അവനെപ്പോലെ ഒരു കളിക്കാരന്‍ വരും,’ മാര്‍ക്കോ വാന്‍ ബാസ്റ്റനെ ഉദ്ധരിച്ച് ഓള്‍ ഫുട്‌ബോള്‍ ആപ്പ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് ഇതിഹാസതാരങ്ങളും ഫുട്‌ബോളില്‍ നേടാന്‍ സാധിക്കുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.
നിലവില്‍ ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലാണ് കളിക്കുന്നത്. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. 11 ഗോളുകളും അഞ്ചു അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്.
അതേസമയം റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറിനായി മിന്നും ഫോമിലാണ് കളിക്കുന്നത്. ഈ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 16 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റോണോയുടെ പേരിലുള്ളത്.
Content Highlight: Marco van basten Praises Lionel Messi.