|

അവനെക്കാൾ മികച്ചത് റൊണാൾഡോയാണെന്ന് പറയുന്നവർക്ക് ഫുട്ബോളിനെക്കുറിച്ച് ഒന്നും അറിയില്ല: മുൻ ഡച്ച് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റില്‍ മുന്‍ നെതര്‍ലാന്‍ഡ്സ് താരം മാര്‍ക്കോ വാന്‍ ബാസ്റ്റന്‍ തന്റെ അഭിപ്രായം പറഞ്ഞിരുന്നു. മെസിയെക്കാള്‍ മികച്ച താരം റൊണാള്‍ഡോയാണെന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോളിനെക്കുറിച്ച് ഒന്നും തന്നെ അറിയില്ലെന്നാണ് മുന്‍ നെതര്‍ലാന്‍ഡ്സ് താരം പറഞ്ഞത്. ഗിവ്മീ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് വാന്‍ ബാസ്റ്റന്‍ ഇക്കാര്യം പറഞ്ഞത്.

‘ക്രിസ്റ്റ്യാനോ ഒരു മികച്ച കളിക്കാരനാണ്. എന്നാല്‍ മെസിയെക്കാള്‍ മികച്ചവനാണ് റൊണാള്‍ഡോയെന്ന് പറയുന്നവര്‍ക്ക് ഫുട്‌ബോളിനെക്കുറിച്ച് ഒന്നും അറിയില്ല. ഇത് അവര്‍ മോശമായ വിശ്വാസത്തിലാണ് പറയുന്നത്. മെസിയെ പോലെ ഒരു താരത്തെ അനുകരിക്കുക എന്നത് അസാധ്യമാണ്. അവനെപ്പോലെയൊരു താരം ഫുട്‌ബോളില്‍ അമ്പതോ നൂറോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമേ വരുകയുള്ളൂ,’ വാന്‍ ബാസ്റ്റന്‍ പറഞ്ഞു.

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ ഇന്റര്‍ മയാമിക്കൊപ്പമുള്ള ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായിരുന്നു.

പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടനമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്. ഫിലാഡല്‍ഫിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസി പരിക്ക് മാറി തിരിച്ചെത്തിയത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്. ചാര്‍ലോട്ടെ എഫ്.സിക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും മെസി ഗോള്‍ നേടിയിരുന്നു.

നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 31 മത്സരങ്ങളില്‍ നിന്നും 19 വിജയവും എട്ട് സമനിലയും നാല് തോല്‍വിയും അടക്കം 65 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. ഒക്ടോബര്‍ മൂന്നിന് കൊളംബസിനെതിരെയാണ് മെസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. ലോവര്‍ കോം ഫീല്‍ഡിലാണ് മത്സരം നടക്കുക.

അര്‍ജന്റീന ടീമിന് വേണ്ടിയും ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

Content Highlight:Marco Van Bastan Talks About His opinion about Goat Debate

Video Stories