ഫ്രാന്‍സും ഇറ്റലിയും തമ്മിലായിരുന്നു 2006ല്‍ നടന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് ഫ്രാന്‍സിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാന്‍ ഇറ്റലിക്ക് കഴിഞ്ഞിരുന്നു. ഫുള്‍ ടൈമില്‍ 1-1ന് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ 5-3ന് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഇറ്റലി വിജയിക്കുകയായിരുന്നു.
ഫ്രഞ്ച് സൂപ്പര്‍ താരം സിനദിന്‍ സിദാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തു പോയത് ഫ്രാന്‍സിന് തിരിച്ചടിയാവുകയായിരുന്നു. ഇറ്റാലിയന്‍ താരം മറ്റരാസിയെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനാണ് സിദാന് റെഡ് കാര്‍ഡ് ലഭിച്ചത്.
അന്നത്തെ മത്സരത്തില്‍ വളരെ മോശമായ രീതിയിലായിരുന്നു മറ്റരാസി സിദാനെ പ്രകോപിപ്പിച്ചത്. എന്നാല്‍ ആ സംഭവത്തിനുശേഷം വര്‍ഷങ്ങള്‍ ഒരുപാടായിട്ടും ഇത് വരെ താനും സിദാനും തമ്മില്‍ സംസാരിച്ചിട്ടില്ലെന്ന് പറയുകയാണ് മറ്റരാസി. അദ്ദേഹത്തെ കണ്ടു വീണ്ടും സംസാരിക്കണം എന്ന് പറയുകയായിരുന്നു താരം.
‘ഞാന്‍ അദ്ദേഹത്തോട് ക്ഷമ പറയാ ശ്രമിക്കില്ല. പക്ഷേ ആ സംഭവം നടന്നിട്ട് ഇപ്പോള്‍ ഒരുപാട് വര്‍ഷം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞാല്‍ അത് സന്തോഷമുള്ള കാര്യമായിരിക്കും.
തീര്‍ച്ചയായും അവിടെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല. അതിന് ശേഷം ഞാന്‍ ഇതുവരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. മാത്രമല്ല ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ യാതൊരുവിധ ബന്ധവുമില്ല,’ മാര്‍ക്കോ മറ്റരാസി പറഞ്ഞു.
2006 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ച സിദാന്‍ തന്റെ വിടവാങ്ങല്‍ മത്സരം കളിക്കുകയും വില്ലാറിയലുമായി 3-3 സമനിലയില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ക്ലബ് ലോഗോയ്ക്ക് താഴെ സിദാന്‍ 2001 – 2006 എന്നെഴുതിയ സ്മരണയെന്നോണം ടി-ഷര്‍ട്ടുകളാണ് സ്‌ക്വാഡ് അന്ന് ധരിച്ചിരുന്നത്.
Content Highlight: Marco Materazzi Talking About Zinedine Zidane