ഓസ്‌ട്രേലിയ ഒരിക്കലും മറക്കാത്ത പേര്, നൂറ്റാണ്ടിന്റെ തിരിച്ചുവരവിന് കാരണമായവന്‍ ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം അഞ്ചാമന്‍
Sports News
ഓസ്‌ട്രേലിയ ഒരിക്കലും മറക്കാത്ത പേര്, നൂറ്റാണ്ടിന്റെ തിരിച്ചുവരവിന് കാരണമായവന്‍ ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം അഞ്ചാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th September 2023, 12:36 pm

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം അവസാനിച്ചിരിക്കുകയാണ്. പര്യടനത്തിലെ ടി-20 പരമ്പര ഓസീസ് സ്വന്തമാക്കിയപ്പോള്‍ ഏകദിന പരമ്പര നേടിയാണ് ആതിഥേയര്‍ കരുത്ത് കാട്ടിയത്. തോല്‍വിയില്‍ നിന്നും പറന്നുയര്‍ന്നാണ് പ്രോട്ടീസ് ഏകദിന പരമ്പര സ്വന്തമാക്കിയത്.

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഓസീസ് 2-0ന് മുമ്പിലായിരുന്നു. എന്നാല്‍ ബാക്കിയുള്ള മൂന്ന് മത്സരങ്ങളും വിജയിച്ചാണ് തെംബ ബാവുമയും സംഘവും ലോകകപ്പിന് മുമ്പ് മൊമെന്റം നേടിയത്. ഈ മൂന്ന് മത്സരങ്ങളും 100+ റണ്‍സിന്റെ മാര്‍ജിനിലാണ് വിജയിച്ചത് എന്ന പ്രത്യേകതയും പ്രോട്ടീസിന്റെ പരമ്പര നേട്ടത്തിനുണ്ടായിരുന്നു.

പരമ്പരയിലെ മൂന്നാം മത്സരം 111 റണ്‍സിനും നാലാം മത്സരം 164 റണ്‍സിനുമാണ് പ്രോട്ടീസ് വിജയിച്ചത്. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേസ് സ്‌റ്റേഡിയത്തില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 122 റണ്‍സിനും വിജയിച്ച് സൗത്ത് ആഫ്രിക്ക പരമ്പര സ്വന്തമാക്കി.

 

സീരീസ് ഡിസൈഡറില്‍ നിര്‍ണായക സാന്നിധ്യമായത് മാര്‍കോ യാന്‍സെന്‍ എന്ന പ്രോട്ടീസിന്റെ ഓള്‍ റൗണ്ടറായിരുന്നു. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ 23 പന്തില്‍ നിന്നും 204.3 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 47 റണ്‍സടിച്ചപ്പോള്‍ ബൗളിങ്ങില്‍ 39 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം നേടിയത്.

ഓസീസിന്റെ ടോപ് ഓര്‍ഡറിനെ തരിപ്പണമാക്കിയാണ് യാന്‍സെന്‍ ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലബുഷാന്‍ എന്നിവരാണ് യാന്‍സന് മുമ്പില്‍ വീണത്.

 

 

 

ഇതോടെ സൗത്ത് ആഫ്രിക്കക്ക് വേണ്ടി അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന അഞ്ചാമത് പ്രായം കുറഞ്ഞ താരമാകാനും യാന്‍സെന് സാധിച്ചു. 23 വയസും 139 ദിവസവും പ്രായമുള്ളപ്പോഴാണ് യാന്‍സന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

സൗത്ത് ആഫ്രിക്കക്കായി ഫൈഫര്‍ പൂര്‍ത്തിയാക്കിയ പ്രായം കുറഞ്ഞ താരങ്ങള്‍

(താരം – പ്രായം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

1. കഗീസോ റബാദ – 20 വയസും 46 ദിവസവും – ബംഗ്ലാദേശ് – 2015

2. വെയ്ന്‍ പാര്‍ണെല്‍ – 20 വയസും 56 ദിവസവും – ന്യൂസിലാന്‍ഡ് – 2009

3. ജാക്വസ് കാലിസ് – 23 വയസും 16 ദിവസവും – വെസ്റ്റ് ഇന്‍ഡീസ് – 1998

4. ഹാന്‍സി ക്രോണ്‍ജേ – 23 വയസും 73 ദിവസവും – ഇന്ത്യ – 1992

5. മാര്‍കോ യാന്‍സെന്‍ – 23 വയസും 139 ദിവസവും – ഓസ്‌ട്രേലിയ – 2023

സീരീസ് ഡിസൈഡറിലെ തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനത്തിന് പിന്നാലെ മത്സരത്തിന്റെ താരമായി തെരഞ്ഞെടുത്തതും യാന്‍സെനെ തന്നെയായിരുന്നു.

ലോകകപ്പിന് തൊട്ടുമുമ്പ് ഈ പരമ്പര വിജയം സൗത്ത് ആഫ്രിക്കക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. യാന്‍സെന് പുറമെ ക്യാപ്റ്റന്‍ തെംബ ബാവുമ, ഡേവിഡ് മില്ലര്‍, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ലുന്‍ഗി എന്‍ഗിഡി, കേശവ് മഹാരാജ് അടക്കമുള്ള താരങ്ങള്‍ ഫോമിലേക്കുയര്‍ന്നതും ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ലോകകപ്പില്‍ ഏതൊരു ടീമിനെയും ഏതുദിവസവും മലര്‍ത്തിയടിക്കാന്‍ പോന്ന കരുത്തുമായാണ് പ്രോട്ടീസ് ഇന്ത്യയിലേക്ക് വിമാനം കയറുന്നത്.

 

Content highlight: Marco Jensen became the 5th youngest player to complete a fifer for South Africa