ബാറ്റെടുത്തപ്പോള്‍ തെരഞ്ഞുപിടിച്ച് തല്ലി, പന്തെടുത്തപ്പോള്‍ തലകള്‍ അരിഞ്ഞിട്ടു; അഞ്ച് കപ്പടിച്ചവരാണെന്ന ഒരു ബഹുമാനവും കൊടുത്തില്ല
Sports News
ബാറ്റെടുത്തപ്പോള്‍ തെരഞ്ഞുപിടിച്ച് തല്ലി, പന്തെടുത്തപ്പോള്‍ തലകള്‍ അരിഞ്ഞിട്ടു; അഞ്ച് കപ്പടിച്ചവരാണെന്ന ഒരു ബഹുമാനവും കൊടുത്തില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th September 2023, 11:34 am

‘നൂറ്റാണ്ടിന്റെ തിരിച്ചുവരവ് എന്ന വാക്യം അന്വര്‍ത്ഥമാക്കുന്ന പ്രകടനം’ ഓസീസിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ആതിഥേയരുടെ പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശേഷം ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാണ് പ്രോട്ടീസ് പരമ്പര സ്വന്തമാക്കിയത്.

ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന പരമ്പര എന്നതിനാല്‍ ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലെ സീരീസ് ഡിസൈഡര്‍ മത്സരം ഇരുടീമിനെയും സംബന്ധിച്ച് ഏറെ പ്രധാനമായിരുന്നു. ഈ മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാമെന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ഏയ്ഡന്‍ മര്‍ക്രമിന്റെയും ഡേവിഡ് മില്ലറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് നേടിയിരുന്നു. മര്‍ക്രം 87 പന്തില്‍ 93 റണ്‍സ് നേടിയപ്പോള്‍ 65 പന്തില്‍ 63 റണ്‍സായിരുന്നു മില്ലറിന്റെ സമ്പാദ്യം.

ഇവര്‍ക്കൊപ്പം കട്ടക്ക് നിന്ന് ഓസീസ് ബൗളര്‍മാരെ അടിച്ചുകൂട്ടിയ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. പ്രോട്ടീസ് സ്റ്റാര്‍ പേസര്‍ മാര്‍കോ യാന്‍സെനായിരുന്നു ആ താരം. 23 പന്തില്‍ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയുമായി 204.35 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 47 റണ്‍സാണ് താരം നേടിയത്.

ടീം സ്‌കോര്‍ 280 നില്‍ക്കവെ അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ യാന്‍സെന്‍ കാലിടറി വീഴുകയായിരുന്നു. കാമറൂണ്‍ ഗ്രീനിന്റെ പന്തില്‍ ഷോണ്‍ അബോട്ടിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഇവര്‍ക്ക് പുറമെ 19 പന്തില്‍ പുറത്താകാതെ 38 റണ്‍സടിച്ച ആന്‍ഡില്‍ പെഹ്‌ലുക്വായോയും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ബാറ്റിങ്ങിലെ യാന്‍സെന്‍ മാജിക് ബൗളിങ്ങിലും ആവര്‍ത്തിച്ചപ്പോള്‍ അഞ്ച് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആദ്യ അഞ്ച് വിക്കറ്റുകളായിരുന്നു എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

പത്ത് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറിനെ ഏയ്ഡന്‍ മര്‍ക്രമിന്റെ കയ്യിലെത്തിച്ച് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട യാന്‍സെന്‍ ജോഷ് ഇംഗ്ലസിനെ പൂജ്യത്തിനും പുറത്താക്കി.

സ്‌കോറിങ്ങില്‍ നിര്‍ണായകമായ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷായിരുന്നു യാന്‍സന്റെ അടുത്ത ഇരം. 56 പന്തില്‍ 71 റണ്‍സ് നേടി നില്‍ക്കവെ തേര്‍ഡ് മാനില്‍ ലുന്‍ഗി എന്‍ഗിഡിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

മാര്‍നസ് ലബുഷാനെയും അലക്‌സ് കാരിയെയും പുറത്താക്കി യാന്‍സന്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ ഓസീസിന്റെ വിധി ഏതാണ്ട് തീരുമാനിക്കപ്പെട്ടിരുന്നു.

ഒരു മെയ്ഡന്‍ അടക്കം എട്ട് ഓവര്‍ പന്തെറിഞ്ഞ് 39 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് യാന്‍സെന്‍ വീഴ്ത്തിയത്.

നാല് വിക്കറ്റുമായി കേശവ് മഹാരാജ് യാന്‍സനൊപ്പം കളം നിറഞ്ഞ് കളിച്ചപ്പോള്‍ പെഹ്‌ലുക്വായോ ശേഷിക്കുന്ന വിക്കറ്റും നേടി. ഇതോടെ ഓസീസ് 193ന് ഓള്‍ ഔട്ടാവുകയായിരുന്നു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ മാര്‍കോ യാന്‍സെന്‍ തന്നെയായിരുന്നു കളിയിലെ താരം. പരമ്പരയിലെ ആദ്യ മത്സരങ്ങളിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതേ പ്രകടനം താരം ലോകകപ്പിലും തുടര്‍ന്നാല്‍ ഏത് ടീമിനും ഭീഷണി സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

 

 

Content highlight: Marco Jansen’s brilliant performance against Australia