|

എന്തൊരു സ്ഥിരതയാണെടോ? ആറാം മത്സരത്തിലും മാജിക് പുറത്തെടുത്ത് യാന്‍സെന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ 26ാം മത്സരത്തില്‍ പാകിസ്ഥാന്‍ സൗത്ത് ആഫ്രിക്കയെ നേരിടുകയാണ്. എം.എ. ചിദംബരം സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 46.4 ഓവറില്‍ 270 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സൗദ് ഷക്കീലും ക്യാപ്റ്റന്‍ ബാബര്‍ അസവുമാണ് പാകിസ്ഥാനായി തിളങ്ങിയത്.

സൗദ് ഷക്കീല്‍ 52 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ ബാബര്‍ 65 പന്തില്‍ നിന്നും 50 റണ്‍സ് നേടിയാണ് പുറത്തായത്. ഇവര്‍ക്ക് പുറമെ 36 പന്തില്‍ 43 റണ്‍സ് നേടിയ ഷദാബ് ഖാനും 27 പന്തില്‍ 31 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

സൗത്ത് ആഫ്രിക്കക്കായി തബ്രിയാസ് ഷംസി നാല് വിക്കറ്റ് വീഴ്ത്തി. പത്ത് ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്താണ് ഷംസി നാല് പാക് ബാറ്റര്‍മാരെ മടക്കിയത്.

ഷംസിക്ക് പുറമെ മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെറാള്‍ഡ് കോട്‌സി രണ്ട് വിക്കറ്റും നേടി. ലുന്‍ഗി എന്‍ഗിഡിയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ഒരു മെയ്ഡന്‍ അടക്കം ഒമ്പത് ഓവറില്‍ 43 റണ്‍സ് വഴങ്ങിയാണ് യാന്‍സെന്‍ മൂന്ന് വിക്കറ്റെടുത്തത്. അബ്ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് നവാസ് എന്നിവരെയാണ് യാന്‍സെന്‍ പുറത്താക്കിയത്.

ഇതോടെ ലോകകപ്പിലെ ആറ് മത്സരത്തിലും യാന്‍സെന്‍ വിക്കറ്റ് നേടിയിരിക്കുകയാണ്. ആദ്യ അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പാകിസ്ഥാനെതിരെ മൂന്ന് വിക്കറ്റും വീഴ്ത്തി.

ലോകകപ്പില്‍ ഇതുവരെ ആറ് മത്സരത്തില്‍ നിന്നും 13 വിക്കറ്റാണ് യാന്‍സന്റെ സമ്പാദ്യം. നിലവില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഓസീസ് താരം ആദം സാംപക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് പ്രോട്ടീസ് ഓള്‍ റൗണ്ടര്‍.

അതേസമയം, പാകിസ്ഥാനെതിരെയും വിജയിച്ച് സെമി സാധ്യത സജീവമാക്കാനാണ് സൗത്ത് ആഫ്രിക്ക ഇറങ്ങുന്നത്. കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് അഫ്രിക്കന്‍ ജയന്റ്‌സ്.

അതേസമയം, മൂന്നാം ജയമാണ് പാകിസ്ഥാന്‍ തേടുന്നത്. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് വിജയത്തോടെ നാല് പോയിന്റുമായി ആറാം സ്ഥാനത്താണ് പാകിസ്ഥാന്‍.

Content Highlight: Marco Jansen picks wickets in all 6 matches

Latest Stories