Sports News
തീപ്പൊരി യാന്‍സന്‍, 2023 മുതല്‍ ഇവന്‍ തന്നെ ടോപ്പര്‍; സൗത്ത് ആഫ്രിക്കയുടെ ചീറ്റ നേടിയത് മിന്നും റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 01, 10:49 am
Saturday, 1st March 2025, 4:19 pm

ചാമ്പ്യന്‍സ് ട്രോഫിയില്‍ സൗത്ത് ആഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം നടക്കുകയാണ്. ബി-ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. കറാച്ചിയിലെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 21 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്.

ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് വിക്കറ്റ് നേടിയത്. ഇംഗ്ലണ്ട് ഒമ്പത് റണ്‍സ് നേടിനില്‍ക്കവെയാണ് യാന്‍സന്‍ സാള്‍ട്ടിനെ പറഞ്ഞയച്ചത്. പിന്നീട് മൂന്നാം ഓവറില്‍ ജെയ്മി സ്മിത്തിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ച് യാന്‍സന്‍ വീണ്ടും വിക്കറ്റ് നേടി. ടീം സ്‌കോര്‍ 20ല്‍ നില്‍ക്കുമ്പോഴാണ് ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടമായത്.

എന്നായല്‍ യാന്‍സന്‍ വിക്കറ്റ് ടേക്കിങ് അവിടംകൊണ്ടും നിര്‍ത്തിയില്ലായിരുന്നു. സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ബെന്‍ ഡക്കറ്റിനേയും പേസര്‍ കൂടാരം കയറ്റി. 21 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 24 റണ്‍സ് നേടിയാണ് ഡക്കറ്റ് മടങ്ങിയത്.

തകര്‍പ്പന്‍ പ്രകടനത്തോടെ പ്രോട്ടിയാസിന്റെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. 2023മുതല്‍ പ്രോട്ടിയാസിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടിയ താരമാകാനാണ് യാന്‍സന് സാധിച്ചത്. 43 വിക്കറ്റുകളാണ് താരത്തിന് നേടാന്‍ സാധിച്ചത്. പ്രോട്ടിയാസിന്റെ പേസര്‍ ലുംങ്കി എന്‍ഗിഡി 33 വിക്കറ്റുകള്‍ നേടി രണ്ടാം സ്ഥാനത്താണ്.

2023മുതല്‍ പ്രോട്ടിയാസിന് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റ്

മാര്‍ക്കോ യാന്‍സന്‍ – 43*

ലുങ്കി എന്‍ഗിഡി – 33

ജെറാള്‍ഡ് കോട്‌സി – 31

രഗീസോ റബാദ – 30

മത്സരത്തില്‍ ഇംഗ്ലണ്ടിന് പിന്നീട് നഷ്ടപ്പെട്ടത് ഹാരി ബ്രൂക്കിനെയാണ്. 29 പന്തില്‍ 19 റണ്‍സ് നേടിയ താരത്തെ കേശവ് മഹാരാജാണ് പുറത്താക്കിയത്. ടീമിനെ മുന്നോട്ട് നയിച്ച റൂട്ടിനെ വിയാന്‍ മുള്‍ഡറും തകര്‍ത്ത് വിടുകയായിരുന്നു.

44 പന്തില്‍ 34 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഒരു സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്. സമ്മര്‍ദഘട്ടത്തില്‍ ടീമിനെ താങ്ങിനിര്‍ത്താന്‍ ലിയാം ലിവിങ്‌സറ്റണും കഴിഞ്ഞില്ല. 15 പന്തില്‍ ഒമ്പത് റണ്‍സ് നേടിയാണ് ലിവിങ്‌സറ്റണ്‍ പുറത്തായത്. നിലവില്‍ ക്യാപ്റ്റന്‍ ജോ റൂട്ടും (4)* ജെയ്മി ഓവര്‍ട്ടണുമാണ് ക്രീസില്‍.

Content Highlight: Marco Jansen In Record Achievement For South Africa In ODI