Sports News
ഇന്ത്യയുടെ നെഞ്ചില്‍ ആഞ്ഞടിച്ച് അവനും ഫിഫ്റ്റി; സൗത്ത് ആഫ്രിക്കയില്‍ ജയിക്കാനുള്ള മോഹം ഇത്തവണയും ബാക്കിയാകുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
2023 Dec 28, 10:07 am
Thursday, 28th December 2023, 3:37 pm

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ മികച്ച പ്രകടനവുമായി ആതിഥേയര്‍. മത്സരത്തിന്റെ രണ്ടാം ദിവസം തന്നെ ലീഡ് നേടിയ പ്രോട്ടിയാസ് ലീഡ് ഉയര്‍ത്തി മുന്നേറുകയാണ്.

സൂപ്പര്‍ താരം ഡീന്‍ എല്‍ഗറിന്റെ സെഞ്ച്വറി കരുത്തിലാണ് സൗത്ത് ആഫ്രിക്ക മികച്ച സ്‌കോറിലേക്കുയര്‍ന്നത്. രണ്ടാം ദിനം തന്നെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ എല്‍ഗര്‍ മൂന്നാം ദിവസം 150 റണ്‍സും പൂര്‍ത്തിയാക്കിയിരുന്നു.

ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യയെ ഞെട്ടിച്ചത് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മാര്‍കോ യാന്‍സെനാണ്. ഒരു വശത്ത് എല്‍ഗറിനെ തളയ്ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പാടുപെടുമ്പോള്‍ മറുവശത്ത് നിന്ന് യാന്‍സെനും സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.

ഇപ്പോള്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് യാന്‍സെന്‍ തിളങ്ങുന്നത്. റെഡ് ബോള്‍ കരിയറിലെ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് യാന്‍സെന്‍ സെഞ്ചൂറിയനില്‍ കുറിച്ചത്.

നേരിട്ട 87ാം പന്തിലാണ് യാന്‍സെന്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഏഴ് ബൗണ്ടറികളായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

അതേസമയം, 90 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് ആതിഥേയര്‍ നേടിയിരിക്കുന്നത്. നിലവില്‍ 104 റണ്‍സിന്റെ ലീഡാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്.

275 പന്തില്‍ 179 റണ്‍സുമായി ഡീന്‍ എല്‍ഗറും 94 പന്തില്‍ 55 റണ്‍സുമായി മാര്‍കോ യാന്‍സെനുമാണ് സൗത്ത് ആഫ്രിക്കക്കായി ക്രീസില്‍ തുടരുന്നത്. ഇതിനോടകം തന്നെ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തിരുന്നു.

രണ്ടാം ദിവസം പുറത്തായ ഡേവിഡ് ബെഡ്ഡിങ്ഹാമും പ്രോട്ടിയാസ് സ്‌കോറിങ്ങില്‍ നിര്‍ണായകമായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ചാണ് താരം പുറത്തായത്.

സൗത്ത് ആഫ്രിക്ക മികച്ച രീതിയില്‍ ബാറ്റിങ് തുടരുമ്പോള്‍ സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേടാനുള്ള ഇന്ത്യയുടെ സാധ്യതയും മങ്ങുകയാണ്. ചരിത്രത്തിലിതുവരെ സൗത്ത് ആഫ്രിക്കയില്‍ സൗത്ത് ആഫ്രിക്കയെ തോല്‍പിച്ച് ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.

 

Content Highlight: Marco Jansen completes 50 against India