ഇന്ത്യയിലെ ഏറ്റവും വയലന്‍സ് കൂടിയ ചിത്രം എന്ന അവകാശവാദവുമായി തിയേറ്ററിലെത്തിയ ചിത്രമായിരുന്നു മാര്‍ക്കോ. രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് ടൈറ്റില്‍ റോളിലെത്തിയത്. മലയാളത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ വയലന്‍സ് രംഗങ്ങളാല്‍ നിറഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു.
എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ പല രംഗങ്ങളെയും വലിച്ചുകീറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. വളരെ വീക്കായ തിരക്കഥയെ മേക്കിങ് കൊണ്ട് മറികടന്ന ചിത്രമാണ് മാര്‍ക്കോയെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഒപ്പം അമച്വറായ ഡയലോഗുകളും ലോജിക്കില്ലാത്ത സീനുകളും വിമര്‍ശിക്കപ്പെടുന്നുണ്ട്.
നാടകങ്ങളെ പോലും തോല്‍പ്പിക്കുന്ന ഡയലോഗുകളാണ് ചിത്രത്തില്‍ ഉടനീളമുള്ളത്. ബ്രൂട്ടലും മാസുമായിട്ടുള്ള സീനുകള്‍ ഒരുവശത്ത് സിനിമയെ രക്ഷിക്കുമ്പോള്‍ സംഭാഷണങ്ങള്‍ സിനിമയെ പിന്നോട്ടു വലിക്കുന്നുണ്ട്. നായകന് മറ്റ് കഥാപാത്രങ്ങള്‍ കൊടുക്കുന്ന ബില്‍ഡപ്പ് ഡയലോഗുകള്‍ കെ.ജി.എഫ് പോലുള്ള സിനിമയില്‍ നിന്ന് കടംകൊണ്ടതാണെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലാകുന്നുമുണ്ട്.
തന്റെ അനിയന്റെ മരണത്തിന് കാരണമായവരെ മുഴുവന്‍ കൊല്ലുമെന്ന് മാസ് ബി.ജി.എമ്മിന്റെ അകമ്പടിയോടെ പ്രതിജ്ഞയെടുക്കുന്ന നായകനെ സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ സിനിമയുടെ അവസാനം നായകന്റെ കുടുംബത്തിലെ കൊച്ചുകുട്ടിയെപ്പോലും വെറുതേ വിടാതെ വില്ലന്മാര്‍ കൊല്ലുമ്പോള്‍ നായകന്‍ എല്ലാം നോക്കി നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്.
കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാന്‍ പോകുമ്പോഴും മുടി ട്രിം ചെയ്ത് കോട്ടും സൂട്ടുമിട്ട് സ്‌പ്രേയടിച്ച് പോകുന്ന നായകനെ ട്രോളിക്കൊണ്ട് ഒരുപാട് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വില്ലന്മാര്‍ കൈവെട്ടിയ നായകന്റെ സുഹൃത്തിനോട് ‘വേദനിക്കുന്നുണ്ടോ’ എന്ന് ചോദിക്കുന്ന നായകന്റെ ഡയലോഗിനും ട്രോള്‍ പെരുമഴയാണ് ലഭിക്കുന്നത്.
ബ്രേക്കപ്പ് പറഞ്ഞ് പോയ നായികയെയും തിരികെ തന്റെ വീട്ടിലെത്തിച്ച ശേഷം ആ കഥാപാത്രത്തെ കൊല്ലുന്നതും നോക്കി നില്‍ക്കേണ്ടി വരുന്ന നായകനാണ് മാര്‍ക്കോ, ഈ സീനിനെയും ട്രോളുന്ന പോസ്റ്റുകള്‍ നിരവധിയാണ്.
ചിത്രത്തിന്റെ റിലീസിന് മുമ്പ് പലരും ഹൈപ്പ് കയറ്റിയ ഒന്നായിരുന്നു ജഗദീഷിന്റെ വില്ലന്‍ വേഷം. മാസ് ബി.ജി.എമ്മിന്റെ ഇന്‍ട്രോയോട് കൂടെ ജഗദീഷിനെ കാണിക്കുന്ന സീന്‍ അത്യാവശ്യം രസമുള്ളതായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് വില്ലനിസം എന്ന പേരില്‍ ജഗദീഷ് കാട്ടിക്കൂട്ടുന്നത് കോമഡിയായിട്ടാണ് തോന്നിയത്. എത്ര നല്ല നടനാണെങ്കിലും മികച്ച ഡയറക്ടറുടെ കൈയില്‍ കിട്ടിയാല്‍ മാത്രമേ നല്ല പെര്‍ഫോമന്‍സ് കിട്ടുള്ളൂ എന്നതിന്റെ ഉദാഹരണമായി മാര്‍ക്കോയിലെ ടോണി മാറുന്നുണ്ട്.
ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെ പലരും പ്രകീര്‍ത്തിക്കുന്നുമുണ്ട്. സിംഗിള്‍ ഷോട്ടിലെടുത്ത സ്‌റ്റെയര്‍കേസ് ഫൈറ്റ് ഇന്ത്യന്‍ സിനിമയിലെ മികച്ച ആക്ഷന്‍ രംഗങ്ങളിലൊന്നാണെന്ന് സംശയമില്ലാതെ പറയാം. വയലന്‍സ് നിറഞ്ഞ സിനിമയെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കില്‍ എന്ന ചിത്രം മാര്‍ക്കോയെക്കാള്‍ മുന്നിലാണ്. വില്ലന്മാരുടെ ക്രൂരത കാണുമ്പോള്‍ നായകന്റെ കൂടെ നില്‍ക്കാന്‍ പ്രേക്ഷകനും തോന്നാറുണ്ട്. മാര്‍ക്കോയില്‍ ലഭിക്കാതെ പോയതും ആ ഒരു കാര്യമാണ്.
Content Highlight: Marco getting trolls after its OTT release