| Monday, 12th March 2018, 7:55 am

'ഞങ്ങള്‍ക്ക് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കേണ്ട പക്ഷേ, ആസാദ് മൈതാനിയില്‍ എത്തിച്ചേരുക തന്നെ വേണം'; രാത്രിയിലും മാര്‍ച്ച് തുടര്‍ന്ന് കിസാന്‍ സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പകല്‍ മുഴുവന്‍ നടന്നതിനു പിന്നാലെ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇന്നലെ രാത്രിയും മാര്‍ച്ച് ചെയ്തു. മഹാരാഷ്ട്രയില്‍ നടക്കുന്ന പത്താം ക്ലാസ് പരീക്ഷയെ ബാധിക്കാതിരിക്കാനാണ് പകല്‍ മുഴുവന്‍ നടന്നതിനു പിന്നാലെ കര്‍ഷകര്‍ ഇന്നലെ രാത്രിയും മാര്‍ച്ച് ചെയ്തത്.

പത്താം ക്ലാസ് പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ പകല്‍ ഇത്രയും പേര്‍ നഗരത്തിലൂടെ മാര്‍ച്ച് ചെയ്യുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയ്ക്കും ബുദ്ധിമുട്ടാവുമെന്ന തിരിച്ചറിവിലാണ് കര്‍ഷകര്‍ രാത്രിയും മാര്‍ച്ച ചെയ്തത്. “ഞങ്ങള്‍ക്ക് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കേണ്ട പക്ഷേ, ആസാദ് മൈതാനിയില്‍ എത്തിച്ചേരുക തന്നെ വേണം. അതുകൊണ്ട് ഞങ്ങള്‍ അര്‍ദ്ധ രാത്രിയില്‍ യാത്ര തുടരുകയാണ്” ആള്‍ ഇന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവ്‌ലെ പറഞ്ഞു.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മാര്‍ച്ച് വീണ്ടും ആരംഭിച്ചത്. ഞായറാഴ്ച രാത്രി സയോണിലെ കെ ജെ സോമയ്യ മൈതാനിയിലെത്തിയ മാര്‍ച്ച് രാവിലെ പുനരാരംഭിക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച എസ്.എസ്.സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയാണ് മാര്‍ച്ച് പുലര്‍ച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങിയത്.

ഇത്രയധികം കര്‍ഷകര്‍ പകല്‍ മാര്‍ച്ച ചെയ്യുന്നത്. വാഹനങ്ങളെയും പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളെയും ബാധിക്കുമെന്നതിനാലായിരുന്നു യാത്രാ ക്ഷീണം പോലും വകവെക്കാതെ രാത്രിയിലും കര്‍ഷകര്‍ മാര്‍ച്ച് ചെയ്തത്.

ആസാദ് മൈതാനിയില്‍ നിന്ന് മഹാരാഷ്ട്ര സെക്രട്ടറിയേറ്റായ വിധാന്‍ സഭയിലേക്കാണ് കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുക. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന പറഞ്ഞതിനാല്‍ ഇതില്‍ തീരുമാനമായതിനു ശേഷം മാത്രമാകും നിയമസഭ വളയല്‍ അടക്കമുള്ള സമരത്തിലേക്ക് കര്‍ഷകര്‍ കടക്കുക.

ആറു ദിവസംമുമ്പ് നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരു ലക്ഷത്തിലധികം കര്‍ഷകരുടെ പങ്കാളിത്തത്തോടെയാണ് ഇന്നലെ മുംബൈയിലെത്തിയത്. ഗ്രാമ വീഥികള്‍ക്ക് പുറമെ നഗര പ്രദേശങ്ങളില്‍ നിന്നും മധ്യ വര്‍ഘത്തിന്റെയും ഉറച്ച പിന്തുണയാണ് കര്‍ഷക മാര്‍ച്ചിനു ലഭിക്കുന്നത്.

ഇന്നലെ താനെ മുംബൈ അതിര്‍ത്തിയായ മുളുണ്ടില്‍ മഹാനഗരം ലോങ്മാര്‍ച്ചിനെ വരവേറ്റു. വിക്രോളിയിലും ആവേശകരമായ സ്വീകരണമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. വിവിധ ദളിത് സംഘടനകളും മാര്‍ച്ചിനെ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ശിവസേന ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകരുടെ മഹാറാലിയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

വന്‍ ജനപിന്തുണയാണ് ലോങ്മാര്‍ച്ചിന് വഴിയിലുടനീളം ലഭിക്കുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ ദളിത്, മുസ്‌ലിം, സിഖ് സംഘടനകളും രംഗത്തെത്തി. ഗുരുദ്വാരകളില്‍നിന്നും മുസ്‌ലിം പള്ളികളില്‍നിന്നും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. മുംബൈയിലെ നൂറുകണക്കിന് മലയാളികളും ഐ.ഐടി, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും സമരത്തില്‍ പങ്കുചേര്‍ന്നു.

2017ല്‍ അഖിലേന്ത്യ കിസാന്‍ സഭയടക്കം വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം അംഗീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചതാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 2017 ജൂണിനു ശേഷം ഇതുവരെ 1700ലേറെ കര്‍ഷകരാണ് വിദര്‍ഭ മേഖലയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തത്.

We use cookies to give you the best possible experience. Learn more