| Monday, 15th February 2021, 7:06 pm

ബംഗാളില്‍ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; സംസ്ഥാനത്ത് വന്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിനെതിരായ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൊതുല്‍പൂര്‍ സ്വദേശി മൈദുല്‍ ഇസ്‌ലാം മിദ്ദയാണ് ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് മരിച്ചത്.

ദക്ഷിണ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ നാല് ദിവസമായി തീവ്രപരിചരണവിഭാഗത്തിലായിരുന്നു മൈദുല്‍. അമിതമായ രക്തസ്രാവമാണ് മൈദുലിന്റെ മരണകാരണമായതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. തൃണമൂല്‍ സര്‍ക്കാരാണ് മൈദുലിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് സി.പി.ഐ.എം ആരോപിച്ചു.

‘വിദ്യാര്‍ത്ഥികളേയും യുവാക്കളേയും പൊലീസ് നേരിടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ മനസിലാകും ഈ സര്‍ക്കാര്‍ എത്രത്തോളം ഭയപ്പെടുന്നുവെന്ന്. ഇത് കൊലപാതകമല്ലാതെ മറ്റൊന്നുമല്ല’, സി.പി.ഐ.എം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.

പൊലീസ് അതിക്രമത്തെ തുടര്‍ന്ന് മൈദുല്‍ കൊലപ്പെട്ട സംഭവത്തില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പ്രതിഷേധത്തിനാഹ്വാനം ചെയ്തു.


സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി.

ഫ്രെബുവരി 11 ന് ഇടത് വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നത്. ജോലി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും യുവാക്കളും നടത്തിയ മാര്‍ച്ചിനെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും ടിയര്‍ ഗ്യാസും ഉപയോഗിച്ചാണ് നേരിട്ടത്.

മാര്‍ച്ച് നേരിടാന്‍ വന്‍ സന്നാഹമാണ് പൊലീസ് ഒരുക്കിയിരുന്നത്. രണ്ട് വരി ബാരിക്കേഡുകള്‍ തയ്യാറാക്കി വെച്ച പൊലീസ് വിദ്യാര്‍ത്ഥികളെ എസ്.എന്‍ ബാനര്‍ജി റോഡില്‍ വെച്ച് തന്നെ തടയുകയായിരുന്നു.

ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക, യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുക, തൃണമൂല്‍-ബി.ജെ.പി സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പ്രതിഷേധം.

കോളേജ് സ്ട്രീറ്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ബാരിക്കേഡുകള്‍ മാറ്റി മുന്നോട്ടുപോകാന്‍ ശ്രമിക്കവെയാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: March to Nabanna: Injured DYFI activist dies

We use cookies to give you the best possible experience. Learn more