മുംബൈ: ലവ് ജിഹാദിനെതിരെ വലതുപക്ഷ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ മുംബൈയില്‍ വമ്പന്‍ റാലി.
ലവ് ജിഹാദിനെതിരെയും, മതപരിവര്‍ത്തന നിരോധനം നടപ്പാക്കണമെന്നും, മതത്തിന്റെ പേരിലുള്ള ഭൂമി കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആര്‍.എസ്.എസ്, ബജ്‌റംഗ് ദള്‍, വി.എച്ച്.പി (വിശ്വ ഹിന്ദു പരിഷത്ത്) എന്നീ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ റാലി നടന്നത്.
ഹിന്ദുത്വ സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ സകാല്‍ ഹിന്ദു സമാജ് സംഘടിപ്പിച്ച ‘ഹിന്ദു ജന്‍ ആക്രോശ് മോര്‍ച്ച’ റാലി സെന്‍ട്രല്‍ മുംബൈയിലെ ദാദറിലെ ശിവജി പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് പരേലിലെ കംഗര്‍ മൈതാനിയില്‍ സമാപിച്ചു.
മറ്റ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ലവ് ജിഹാദിനെതിരായ നിയമങ്ങള്‍ പഠിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ലവ് ജിഹാദുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്ത് വലിയ രീതിയില്‍ കാണപ്പെടുന്നുവെന്നും ദല്‍ഹിയിലെ ശ്രദ്ധ വാക്കര്‍ കൊലപാതക കേസുമായി ബന്ധപ്പെടുത്തി ഫഡ്‌നാവിസ് നിയമസഭയില്‍ സംസാരിച്ചിരുന്നു.