തിരുവനന്തപുരം: പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ബില്ലിനെതിരെ ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റി രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു. ഡിസംബര്‍ മൂന്നിനാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ പാസാക്കിയ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെക്കരുതെന്ന ആവശ്യവുമായാണ് മാര്‍ച്ച്. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു തീരുമാനം.
തങ്ങള്‍ ആവശ്യപ്പെട്ട തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താതെ ബില്‍ പാസാക്കിയതിനെയും അതിനു വേണ്ടി വോട്ട് ചെയ്ത പാര്‍ലമെന്റ് അംഗങ്ങളുടെ നടപടിയെയും ശക്തമായി അപലപിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നിലവിലുള്ള ബില്ലില്‍ പ്രസിഡന്റ് ഒപ്പുവെച്ചാല്‍ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് നിലവിലുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടും. അതുകൊണ്ടു തന്നെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളേയും കാറ്റില്‍ പറത്തുന്ന ഈ ബില്‍ പുനഃപരിശോധിക്കുകയും, അതിനായി പുതിയ കമ്മിറ്റി രൂപികരിക്കണമെന്നും രാഷ്ട്രപതിയോട് അവര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ പാര്‍ലമെന്റ് അംഗങ്ങള്‍ ആരെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റി പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.
പൊതുജനമായ തങ്ങള്‍ നിങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനും ഉത്തരവാദിത്വങ്ങള്‍ക്കും കടക വിരുദ്ധമായി തങ്ങളെ അവഗണിക്കുകയും നിശബ്ദരാക്കുകയുമാണ് നിങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
വിവേചനം മുറ്റി നില്‍ക്കുന്ന ഈ ബില്‍ പാസ്സാക്കുക വഴി നിയമനിര്‍മാണം മൂലമുള്ള ശാക്തീകരണത്തിനുളള അവസരം പാര്‍ലമെന്റ് അംഗങ്ങള്‍ നശിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ എതിര്‍പ്പിനെ അവഗണിച്ച പാര്‍ലമെന്റില്‍ അവഗണിക്കപ്പെട്ട ബില്ലിലെ ചില പ്രശ്‌നങ്ങള്‍ ഇവയാണെന്ന് അവര്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
1. ലിംഗപദവിയുടെ സ്വയംനിര്‍ണ്ണയം
2014 ലെ സുപ്രീം കോടതി (നല്‍സ) വിധിപ്രകാരം ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്ക് സ്വന്തം ലിംഗപദവി സ്വയം നിര്‍ണ്ണയിക്കാമെന്നിരിക്കെ, ബില്ലില്‍ ലിംഗ പദവി ഒരു മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തണം എന്ന് ആവശ്യപ്പെടുന്നത് എന്തിനാണ്?
2. ഔദ്യോഗിക രേഖകളില്‍ ഒന്നാം പേര് മാത്രം മാറ്റം വരുത്തുന്നതിലെ പ്രശ്‌നം:-
പലരുടെയും പേരിന്റെ രണ്ടാം ഭാഗം ജാതിപ്പേരുകള്‍ ആകുമ്പോള്‍ അവ അതുപോലെ നിലനിര്‍ത്താന്‍ ആവശ്യപ്പെടുന്നത് ജാതിയാചാരം സംരക്ഷിക്കുന്നതിന്റെ ഭാഗമാണോ?
3. ട്രാന്‍സ്‌ജെന്‍ഡര്‍ ഇന്റര്‍സെക്‌സ് വ്യക്തികളെക്കുറിച്ചുള്ള ആശയക്കുഴപ്പം. നിര്‍വ്വചനങ്ങള്‍ കൂട്ടിക്കുഴച്ച് വ്യക്ത ഇല്ലാതാക്കി.
4. സംവരണം: വിദ്യാഭ്യാസം, തൊഴില്‍ മേഖലകളിലെ സംവരണത്തെപ്പറ്റി ഒന്നും പറയുന്നില്ല.
4. പുനരധിവാസം: പുനരധിവാസത്തെ കുറിച്ചുള്ള വ്യക്തത ഇല്ലായ്മ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
5. കുടുംബത്തിന്റെയും വിവാഹത്തിന്റെ യും നിര്‍വ്വചനം, അഫിര്‍മേറ്റിവ് ആക്ഷനുകള്‍ എന്നിവയെ കുറിച്ചുള്ളകുറിച്ചുള്ള പരിപൂര്‍ണ്ണ നിശ്ശബ്ദത.
6. ട്രാന്‍സ് വ്യക്തികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കുള്ള ശിക്ഷാക്രമങ്ങള്‍ എന്നിവയും ചര്‍ച്ച ചെയ്തിരുന്നു. ഇവയൊന്നും തന്നെ പരിഗണിച്ചിട്ടില്ല.