കക്കുകളി നാടകത്തിനെതിരെ മാര്‍ച്ച്; വിശ്വാസി സമൂഹത്തെ ഒരുമിച്ച് ചേര്‍ത്ത് പ്രതിഷേധിക്കും: താമരശ്ശേരി അതിരൂപത
Kerala News
കക്കുകളി നാടകത്തിനെതിരെ മാര്‍ച്ച്; വിശ്വാസി സമൂഹത്തെ ഒരുമിച്ച് ചേര്‍ത്ത് പ്രതിഷേധിക്കും: താമരശ്ശേരി അതിരൂപത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th April 2023, 10:46 am

കോഴിക്കോട്: കക്കുകളി നടക്കുന്ന എടച്ചേരി ബിമല്‍ കലാഗ്രാമത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ച് താമരശ്ശേരി രൂപത. ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് നടക്കുന്ന നാടകവേദിയിലാണ് പ്രതിഷേധമുണ്ടാകുകയെന്ന് രൂപത അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വിശ്വാസി സമൂഹത്തെ ഒരുമിച്ച് ചേര്‍ത്ത് മാര്‍ച്ച് നടത്തുമെന്നും അവര്‍ അറിയിച്ചു. തൊട്ടടുത്ത പ്രദേശമായ വിലങ്ങാടടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് വിശ്വാസികളെ എത്തിച്ചാണ് പ്രതിഷേധിക്കുകയെന്നും താമരശ്ശേരി രൂപത അറിയിച്ചിട്ടുണ്ട്.

സന്യാസി മഠങ്ങളെ പീഡന കേന്ദ്രങ്ങളാക്കുന്നുവെന്ന് എതിര്‍ത്ത് നേരത്തെ കക്കുകളിയെ രൂപതകള്‍ വിലക്കിയിരുന്നു.

കക്കുകളി നാടകത്തിനെതിരെ തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള ഇടവകകളില്‍ സര്‍ക്കുലറും വായിച്ചു. നാടക വിവാദവുമായി ബന്ധപ്പെട്ട് സാസ്‌കാരിക വകുപ്പിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് തൃശൂര്‍ അതിരൂപത അന്ന് നടത്തിയത്.

അതേസമയം നാടകത്തിനെതിരെ കെ.സി.ബി.സിയും രംഗത്തെത്തിയിരുന്നു. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെ.സി.ബി.സി പറഞ്ഞു. ചരിത്രത്തെ അപനിര്‍മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും കെ.സി.ബി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

ഫ്രാന്‍സിസ് നൊറോണയുടെ കക്കുകളി എന്ന കഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി നാടകം. എന്നാല്‍ കക്കുകളിയും മറ്റൊരു കഥയായ മാസ്റ്റര്‍ പീസും വിവാദമായതിനെത്തുടര്‍ന്ന് ഫ്രാന്‍സിസ് നെറോണ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു.

content highlight: March Against Kakkali Drama; The faith community will protest unitedly: Thamarassery Archdiocese