റയല്‍ മാഡ്രിഡില്‍ തന്റെ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം
സൗദി ക്ലബ്ബ് അല്‍ നസറില്‍ വീണ്ടും കളിക്കാനുള്ള സാധ്യതകളെകുറിച്ച് പറഞ്ഞിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ മുന്‍ ബ്രസീലിയന്‍ താരമായ മാഴ്സലോ.
റൊണാള്‍ഡോയും മാഴ്സലോയും ഈ വിഷയത്തെകുറിച്ച് കുറച്ചു നാള്‍ മുമ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നാണ് മാഴ്സലോ വെളിപ്പെടുത്തിയത്.
‘ഞങ്ങള്‍ കുറച്ചുകാലം മുമ്പ് ഇതിനെക്കുറിച്ച് സംസാരിച്ചു. ഇവിടെ നിന്ന് അല്‍ നസറിലേക്ക് പോകാന്‍ എനിക്ക് ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എനിക്ക് ഇവിടെ ബ്രസീലില്‍ എന്റെ നാട്ടിലേക്ക് മടങ്ങേണ്ടതുണ്ട്,’ മാഴ്സലോ ചാര്‍ല പോഡ്കാസ്റ്റില്‍ ഒ ജോഗോ വഴി പറഞ്ഞു.
മാഴ്സലോയും റൊണാള്‍ഡോയും ഒമ്പത് വര്‍ഷത്തോളം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ കളിച്ചിരുന്നു. ഇരുതാരങ്ങളും ലോസ് ബ്ലാങ്കോസിനൊപ്പം 333 മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡില്‍ 17 കിരീടങ്ങളാണ് ഇരുതാരങ്ങളും നേടിയത്. 33 സംയുക്ത ഗോളുകള്‍ ആണ് ഇരുവരും നേടിയിട്ടുള്ളത്. ഇരുവരും സ്പാനിഷ് വമ്പന്‍മാര്‍ക്കൊപ്പം നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
ബ്രസീലിയന്‍ സൂപ്പര്‍ താരം മാഴ്സലോ 2007 ലാണ് റയല്‍ മാഡ്രിഡില്‍ എത്തുന്നത്. സാന്റിയാഗോ ബെര്‍ണബ്യുവില്‍ 15 വര്‍ഷം കളിച്ച മാഴ്സെലോ ഒരുപിടി അവിസ്മരണീയ നിമിഷങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്.
ലോസ് ബ്ലാങ്കോസിനൊപ്പം 38 ഗോളുകള്‍ ആണ് ബ്രസീലിയന്‍ സൂപ്പര്‍താരം നേടിയത്. സ്പാനിഷ് വമ്പന്മാരൊപ്പം 17 കിരീടങ്ങളും മാഴ്സലോ സ്വന്തമാക്കിയിരുന്നു. 2022ലാണ് മാഴ്സെലോ റയല്‍ മാഡ്രിഡ് വിട്ട് തന്റെ പഴയ ടീമായ ഫ്‌ലുമിനെന്‍സില്‍ ചേരുന്നത്. ബ്രസീലിയന്‍ ക്ലബ്ബിനൊപ്പം 2024 ഡിസംബര്‍ വരെയാണ് മാഴ്സലോയുടെ കരാര്‍ ഇതിന് ശേഷം താരം എങ്ങോട്ട് നീങ്ങും എന്ന് കണ്ടു തന്നെ അറിയണം.
അതേസമയം പോര്‍ച്ചുഗീസ് ഇതിഹാസം റയല്‍ മാഡ്രിഡില്‍ അവിസ്മരണീയമായ ഒരു കരിയര്‍ സൃഷ്ടിച്ചു. 2018 ലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ നിന്നും വിട പറഞ്ഞത്. തുടര്‍ന്ന് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്കും അവിടെ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും താരം ചേക്കേറി. ഓള്‍ഡ് ട്രഫോഡില്‍ നിന്നുമാണ് റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറിലേക്ക് പോവുന്നത്.
സൗദി ക്ലബ്ബിനൊപ്പം 36 മത്സരങ്ങളില്‍ നിന്ന് 30 ഗോളുകളും 11 അസിസ്റ്റുകളും റൊണാള്‍ഡോ നേടി. നിലവില്‍ ഈ സീസണില്‍ മിന്നും ഫോമിലാണ് റൊണാള്‍ഡോ. 12 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് ഈ 38കാരന്‍ പുറത്തെടുക്കുന്നത്.
റയല്‍ മാഡ്രിഡില്‍ പണ്ട് കളിച്ചിരുന്ന കൂട്ടുകെട്ട് മാഴ്സലോയുടെ വരവോടുകൂടി തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷകള്‍ ആരാധകര്‍ക്ക് ഉണ്ടെങ്കിലും അത് എത്രത്തോളം സാധ്യമാകും എന്നത് പ്രവചനാതീതമാണ്.
Content Highlight: Marcelo talks about the reunion with Cristaino Ronaldo.