രണ്ട് പതിറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് മെസിയും റൊണാള്‍ഡോയുമില്ലാത്ത ബാലണ്‍ ഡി ഓറിന്റെ ചുരുക്കപ്പട്ടിക പുറത്തുവന്നത്. 2003 മുതല്‍ മെസിയോ റൊണാള്‍ഡോ ഇല്ലാതെ ഒരിക്കല്‍ പോലും ബാലണ്‍ ഡി ഓര്‍ ഫൈനല്‍ ലിസ്റ്റ് പുറത്തുവന്നിരുന്നില്ല.
മെസിക്കും റൊണാള്‍ഡോക്കും ശേഷമുള്ള അടുത്ത ട്രാന്‍സിഷന്‍ പിരീഡിലേക്ക് ഫുട്ബോള്‍ ലോകം കടക്കുകയാണെന്ന വ്യക്തമായ സൂചനകൂടിയാണ് ഈ ചുരുക്കപ്പട്ടിക നല്‍കുന്നത്.
ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് കടുത്ത മത്സരം തന്നെയാകും നടക്കുക എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അര്‍ജന്റീനയുടെ ലൗട്ടാരോ മാര്‍ട്ടീനസ്, റയല്‍ സൂപ്പര്‍ താരവും ബ്രസീലിയന്‍ ഇന്റര്‍നാഷണലുമായ വിനീഷ്യസ് ജൂനിയര്‍ തുടങ്ങി പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പിക്കുന്നവരെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.
റയല്‍ മാഡ്രിഡിന്റെ ഏഴ് താരങ്ങളാണ് ആദ്യ 30ല്‍ ഇടം നേടിയിരിക്കുന്നത്. വിനി ക്കു എംബാപ്പെക്കും കാര്‍വഹാലിനും പുറമെ ജൂഡ് ബെല്ലിങ്ഹാം, ആന്റോണിയോ റൂഡിഗര്‍, ഫെഡ്രികോ വാല്‍വെര്‍ഡെ എന്നിവരും പുരസ്‌കാരം നേടാനുള്ള പന്തയത്തില്‍ മുമ്പിലോടുന്നുണ്ട്.
എന്നാല്‍ ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ആര് നേടുമെന്ന് പറയുകയാണ് റയല്‍ ഇതിഹാസവും മുന്‍ ബ്രസീല്‍ സൂപ്പര്‍ താരവുമായിരുന്ന മാഴ്‌സലോ. ബാലണ്‍ ഡി ഓര്‍ ഇത്തവണ വിനീഷ്യസ് ജൂനിയര്‍ നേടുമെന്നാണ് മാഴ്‌സലോ അഭിപ്രായപ്പെടുന്നത്. മാഡ്രിഡ് എക്‌സ്ട്രായാണ് മാഴ്‌സെലോയുടെ വാക്കുകളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ബാലണ്‍ ഡി ഓര്‍? അവര്‍ ഉറപ്പായും അത് വിനീഷ്യസ് ജൂനിയറിന് തന്നെ നല്‍കും. കാര്‍വഹാല്‍, ബെല്ലിങ്ഹാം, ക്രൂസ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്,’ മാഴ്‌സലോ പറഞ്ഞു.
വിനീഷ്യസ് തന്നെ ഇത്തവണ പുരസ്‌കാരം നേടുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കില്‍ കക്കക്ക് ശേഷം മികച്ച ഫുട്‌ബോളര്‍ക്ക് സമ്മാനിക്കുന്ന സുവര്‍ണഗോളം ബ്രസീലിന്റെ മണ്ണിലെത്തിക്കാന്‍ കഴിഞ്ഞ ബാലണ്‍ ഡി ഓര്‍ വേദിയിലെ സോക്രട്ടീസ് പുരസ്‌കാര ജേതാവിന് സാധിക്കും.
റയലിനായി 39 മത്സരത്തില്‍ നിന്നും 24 ഗോളും 11 അസിസ്റ്റും വിനി സ്വന്തമാക്കിയിട്ടുണ്ട്. ലാ ലീഗയും ചാമ്പ്യന്‍സ് ലീഗുമടക്കമുള്ള കിരീടങ്ങളാണ് വിനി തന്റെ പേരിലെഴുതിച്ചേര്‍ത്തത്.