റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന താരമാണ് ബ്രസീലിയന്‍ താരം മാഴ്സെലോ. നിലവില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതോടെ റയലിനോടൊപ്പം 25 കിരീട നേട്ടങ്ങളിലാണ് ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് ഭാഗമായത്.
ഏഴ് ലാ ലീഗ കിരീട നേട്ടത്തിലും അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലും ഭാഗമായ മാഴ്സെലോ രണ്ട് സ്പാനിഷ് കപ്പ്, അഞ്ച് സ്പാനിഷ് സൂപ്പര്‍ കപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, നാല് ക്ലബ് ലോക കപ്പ് എന്നീ നേട്ടങ്ങളിലും പങ്കാളിയായി.
ചമ്പ്യന്‍സി ലീഗ് നേട്ടത്തിന് പിന്നലെ റയല്‍ ആരാധകരെ ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി എത്തിയിരിക്കുകയാണിപ്പോള്‍ മാഴ്സെലോ.
താന്‍ ഔദ്യോഗികമായി റയല്‍ മാഡ്രിഡ് വിടുകയാണെന്ന് മാര്‍സെലോ പ്രഖ്യാപിച്ചു. യു.സി.എല്‍ ഫൈനലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇതുസംബന്ധിച്ച വിവരം തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചത്. റയല്‍ മാഡ്രിഡുമായുള്ള മാര്‍സെലോയുടെ കരാര്‍ ജൂണില്‍ അവസാനിക്കും. അത് പുതുക്കില്ലെന്നും ഫാബ്രിസിയോ പറഞ്ഞു.
രണ്ട്, മൂന്ന് വര്‍ഷങ്ങളായി ആദ്യ പതിനൊന്നില്‍ സ്ഥാനം ലഭിക്കുന്നില്ല എങ്കിലും റയലിന്റെ പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാള്‍ തന്നെയാണ് ക്യാപ്റ്റന്‍ കൂടിയായ മാഴ്സെലോ.
അതേസമയം, ഫൈനലില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിനെ പരാജയപ്പെടുത്തിയാണ് റയല്‍
യുവേഫ ചാമ്പ്യന്‍സ് ലീഗ് 2022 നേടിയത്. റയലിന്റെ 14ാം യു.സി.എല്‍ നേട്ടമാണിത്.
ഫൈനലില്‍ ഒരു ഗോളിനായിരുന്നു റയലിന്റെ വിജയം. ബ്രസീലിന്റെ യുവരക്തം വിനീഷ്യസ് ജൂനിയറായിരുന്നു റയലിന് വേണ്ടി ഗോള്‍ നേടിയത്.
2018ന് ശേഷം ആദ്യമായിട്ടായിരുന്നു റയല്‍ ഫൈനലില്‍ പ്രവേശിച്ചത്. 2018ലും ഫൈനലില്‍ ലിവര്‍പൂളായിരുന്നു റയലിന്റെ എതിരാളികള്‍. അന്നും ലിവര്‍പൂലിനെ തോല്‍പ്പിച്ച് റയല്‍ ജേതാക്കളായിരുന്നു. ഇത്തവണ ലാ-ലിഗ ചാമ്പ്യന്‍മാരും റയല്‍ തന്നെയായിരുന്നു.
Content Highlights: Marcelo enhances his legendary status: 25 trophies with Real Madrid