അബദ്ധത്തില്‍ ഫൗള്‍; എതിരാളിയുടെ കാലോടിഞ്ഞ് തൂങ്ങി; കണ്ണീരോടെ കളം വിട്ട് മാഴ്‌സലോ
Football
അബദ്ധത്തില്‍ ഫൗള്‍; എതിരാളിയുടെ കാലോടിഞ്ഞ് തൂങ്ങി; കണ്ണീരോടെ കളം വിട്ട് മാഴ്‌സലോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd August 2023, 10:22 pm

ഫുട്‌ബോള്‍ മത്സരത്തിനിടെ ബ്രസീലിയന്‍ താരം മാഴ്‌സലോയുടെ ഡ്രിബ്ലിങ്ങില്‍ എതിരാളിയുടെ കാലൊടിഞ്ഞുതൂങ്ങി. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ വെച്ച് നടന്ന കോപ്പ ലിബെര്‍ടഡോറസ് മത്സരത്തിനിടെയാണ് സംഭവം. അര്‍ജന്റൈന്‍ ക്ലബ് അര്‍ജന്റീനോസ് ജൂനിയേഴ്സും ബ്രസീലിയന്‍ ക്ലബ് ഫ്ളുമിനെന്‍സും തമ്മിലുള്ള മത്സരത്തില്‍ അറിഞ്ഞുകൊണ്ടല്ലെങ്കില്‍ കൂടി പരിക്കിന്റെ ഉത്തരവാദി ബ്രസീലിന്റെ മുന്‍ റയല്‍ മാഡ്രിഡ് താരം മാഴ്സലോയാണ്.

ഇരയായത് അര്‍ജന്റീനോസിന്റെ ലൂസിയാനോ സാഞ്ചെസാണ്. മത്സരത്തിന്റെ 56ാം മിനിട്ടിലാണ് സംഭവം. മാഴ്‌സലോ പന്തുമായി മുന്നേറുന്നതിനിടെ തടയാനായി സാഞ്ചെസ് മുന്നിലെത്തുകയും പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സാഞ്ചെസിന് പിഴക്കുകയുമായിരുന്നു. പന്ത് ഡ്രിബിള്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ മാഴ്‌സലോ താരത്തിന്റെ കാലില്‍ ചവിട്ടി. ഇടങ്കാല് ഒടിഞ്ഞുതൂങ്ങി.

പരിക്ക് കടുത്തതാണെന്ന് മാഴ്സലോ തിരിച്ചറിയുകയും അദ്ദേഹം തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ താരത്തെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിന് പുറത്തുകൊണ്ടുപോയത്.

ആശുപത്രിയിലെത്തിയ സാഞ്ചസിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കുറഞ്ഞത് ഒരു വര്‍ഷം സാഞ്ചസിന് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്ന് മാഴ്‌സലോക്ക് റഫറി റെഡ് കാര്‍ഡ് നല്‍കി. കരഞ്ഞുകൊണ്ടാണ് മാഴ്‌സലോ ഗ്രൗണ്ട് വിട്ടത്. ചുവപ്പ് കാര്‍ഡ് കിട്ടിയതിലല്ല, അത്തരത്തില്‍ പരിക്കേല്‍ക്കാന്‍ കാരണമായല്ലൊ എന്നതാണ് താരത്തെ വേദനിപ്പിച്ചത്. അര്‍ജന്റീനോസ് താരങ്ങളും അദ്ദേഹത്തെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

Content Highlights: Marcelo breaks opponent’s leg accidentally