ഫുട്ബോള്‍ മത്സരത്തിനിടെ ബ്രസീലിയന്‍ താരം മാഴ്സലോയുടെ ഡ്രിബ്ലിങ്ങില്‍ എതിരാളിയുടെ കാലൊടിഞ്ഞുതൂങ്ങിയിരുന്നു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ വെച്ച് നടന്ന കോപ്പ ലിബെര്‍ടഡോറസ് മത്സരത്തിനിടെയാണ് സംഭവം. അര്‍ജന്റൈന്‍ ക്ലബ് അര്‍ജന്റീനോസ് ജൂനിയേഴ്‌സും ബ്രസീലിയന്‍ ക്ലബ് ഫ്‌ളുമിനെന്‍സും തമ്മിലുള്ള മത്സരത്തില്‍ ലൂസിയാനോ സാഞ്ചെസിനാണ് ഗുരുതര പരിക്കേറ്റത്.
വിഷയത്തില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് മാഴ്‌സലോ. സാഞ്ചസിന്റെ പരിക്കിന് കാരണക്കാരനായതില്‍ വലിയ വിഷമമുണ്ടെന്നും താന്‍ മനപൂര്‍വമല്ലെന്നും മാഴ്‌സലോ ഫേസ്ബുക്കില്‍ കുറിച്ചു. താരത്തിന് എത്രയും പെട്ടെന്ന് പരിക്കില്‍ നിന്ന് മോചിതനായി കളത്തില്‍ തിരിച്ചെത്താനാകട്ടെയെന്നും മാഴ്‌സലോ കുറിച്ചു.
‘സാഞ്ചെസിനെ പരിക്കേല്‍പ്പിക്കണമെന്ന് കരുതിയില്ല. വലിയ മനോവിഷത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. അദ്ദേഹത്തിന് പെട്ടന്ന് മത്സരരംഗത്തേക്ക് തിരിച്ചുവരാനാവട്ടെയെന്ന് ആശംസിക്കുന്നു,’ മാഴ്സലോ കുറിച്ചു.
മത്സരത്തിന്റെ 56ാം മിനിട്ടിലാണ് സംഭവം. മാഴ്സലോ പന്തുമായി മുന്നേറുന്നതിനിടെ തടയാനായി സാഞ്ചെസ് മുന്നിലെത്തുകയും പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സാഞ്ചെസിന് പിഴക്കുകയുമായിരുന്നു. പന്ത് ഡ്രിബിള്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ മാഴ്സലോ താരത്തിന്റെ കാലില്‍ ചവിട്ടി. ഇടങ്കാല് ഒടിഞ്ഞുതൂങ്ങി.
പരിക്ക് കടുത്തതാണെന്ന് മാഴ്‌സലോ തിരിച്ചറിയുകയും അദ്ദേഹം തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ താരത്തെ സ്‌ട്രെച്ചറിലാണ് ഗ്രൗണ്ടിന് പുറത്തുകൊണ്ടുപോയത്.
ആശുപത്രിയിലെത്തിയ സാഞ്ചസിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കുറഞ്ഞത് ഒരു വര്‍ഷം സാഞ്ചസിന് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്ന് മാഴ്സലോക്ക് റഫറി റെഡ് കാര്‍ഡ് നല്‍കി. കരഞ്ഞുകൊണ്ടാണ് മാഴ്സലോ ഗ്രൗണ്ട് വിട്ടത്. ചുവപ്പ് കാര്‍ഡ് കിട്ടിയതിലല്ല, അത്തരത്തില്‍ പരിക്കേല്‍ക്കാന്‍ കാരണമായല്ലൊ എന്നതാണ് താരത്തെ വേദനിപ്പിച്ചത്. അര്‍ജന്റീനോസ് താരങ്ങളും അദ്ദേഹത്തെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.
അതേസമയം, മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചിരുന്നു.
Content Highlights: Marcelo apologizes for opponent’s Injury