നാഷണല്‍ ഡ്യൂട്ടിയില്‍ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോള്‍ നേടിയ ഓസ്ട്രിയന്‍ സൂപ്പര്‍ താരം മാര്‍സല്‍ സാബിറ്റ്‌സറിന് അഭിന്ദനപ്രവാഹവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍. ബയേണ്‍ മ്യൂണിക്കില്‍ നിന്നും ലോണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പന്ത് തട്ടുന്ന സാബിറ്റ്‌സര്‍ അസര്‍ബൈജാനെതിരായ മത്സരത്തിലാണ് ഗോള്‍ നേടിയത്.
യുവേഫ യുറോ 2024ന് വേണ്ടിയുള്ള യോഗ്യതാമത്സരത്തിലാണ് സാബിറ്റ്‌സര്‍ തകര്‍പ്പന്‍ ഗോളുകള്‍ നേടിയത്. ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനൊപ്പം ദേശീയ ടീമിന് വേണ്ടിയും ഗോളടിച്ച മെസിയുടെയും റൊണാള്‍ഡോയുടെയും പാത പിന്തുടര്‍ന്നായിരുന്നു ഓസ്ട്രിയന്‍ ഇന്റര്‍നാഷണലും ഗോള്‍ നേടിയത്.
മെസി, റൊണാള്‍ഡോ എന്നിവരുടെ ഫ്രീ കിക്ക് ഗോളിന്റെ ആവേശം അടങ്ങുന്നതിന് മുമ്പ് തന്നെയായിരുന്നു മാര്‍സര്‍ സാബിറ്റ്‌സര്‍ എന്ന 29കാന്റെ ഫ്രീ കിക്ക് ഗോളും പിറന്നത്.
മത്സരത്തിന്റെ 50ാം മിനിട്ടിലായിരുന്നു സ്‌റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിന് വഴിയൊരുങ്ങിയത്. ഇതിന് പിന്നാലെ താരത്തെ അഭിന്ദിച്ച് മാഞ്ചസ്റ്റര്‍ ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.
ഫ്രീ കിക്ക് ഗോള്‍ ഏറെ മനോഹരമായിരുന്നുവെന്നും മെസിയേക്കാളും റൊണാള്‍ഡോയേക്കാളും മികച്ചതാണെന്നും ആരാധകര്‍ പറയുന്നു.
ഓസ്ട്രിയയുടെ മൂന്നാം ഗോളായാണ് ഈ ഫ്രീ കിക്ക് ഗോള്‍ പിറന്നത്. മത്സരത്തിന്റെ 27ാം മിനിട്ടില്‍ ഗോള്‍ നേടി ക്യാപ്റ്റനായ സാബിറ്റ്‌സര്‍ തന്നെയാണ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തത്. 29ാം മിനിട്ടില്‍ മൈക്കല്‍ ഗ്രിഗറിറ്റ്ഷ് ഓസ്ട്രിയയുടെ ലീഡ് ഉയര്‍ത്തി.
64ാം മിനിട്ടില്‍ അസര്‍ബൈജാന്‍ തിരിച്ചടിച്ചെങ്കിലും ക്രിസ്റ്റൊഫ് ബോംഗാര്‍ട്‌നറിന്റെ ഗോള്‍ ഓസ്ട്രിയക്ക് മൂന്ന് ഗോളിന്റെ ലീഡ് സമ്മാനിച്ചു.
ഈ വിജയത്തിന് പിന്നാലെ യൂറോ 2024 ക്വാളിഫയറിന്റെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തെത്താനും ഓസ്ട്രിയക്കായി.
കളിച്ച ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ബെല്‍ജിയമാണ് രണ്ടാം സ്ഥാനത്ത്. സൂപ്പര്‍ താരം റൊമേലു ലുകാക്കുവിന്റെ ഹാട്രിക്കിന്റെ ബലത്തിലാണ് സ്വീഡനെ തകര്‍ത്ത് ബെല്‍ജിയം ജയിച്ചുകയറിയത്. എസ്റ്റോണിയയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.
അതേസമയം, മാര്‍ച്ച് 28നാണ് ഓസ്ട്രിയയുടെ അടുത്ത മത്സരം. എസ്‌റ്റോണിയ ആണ് എതിരാളികള്‍. ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ മുന്നോട്ട് കുതിക്കുമെന്നതിനാല്‍ വിജയം മാത്രം ലക്ഷ്യമിട്ടാവും ഇരുടീമും കളത്തിലിറങ്ങുന്നത്.
Content highlight: Marcel Sabitzer’s free kick goal goes viral