|

മറാത്തി പാഠപുസ്തകത്തില്‍ സുഖ്‌ദേവിന് പകരം കുര്‍ബാന്‍ ഹുസൈനെ ഉള്‍പ്പെടുത്തിയത് അപമാനകരം, പിന്‍വലിക്കലും ശിക്ഷാനടപടിയും സ്വീകരിക്കണം: സംഘപരിവാര്‍ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ എട്ടാം ക്ലാസിലെ മറാത്തി പാഠപുസ്തകത്തിലെ ചില ഭാഗങ്ങള്‍ക്കെതിരെ എതിര്‍പ്പുമായി ആര്‍.എസ്.എസ് അനുബന്ധ സംഘടനയായ ശിക്ഷ സന്‍സ്‌കൃതി ഉത്തന്‍ ന്യാസ് രംഗത്ത്. ഭഗത് സിംഗ് – രാജ്ഗുരു – സുഖ്‌ദേവ് ത്രയത്തില്‍ നിന്നും സുഖ്‌ദേവിനെ ഒഴിവാക്കി മറ്റൊരു സ്വാതന്ത്രസമര സേനാനിയായിരുന്ന കുര്‍ബാന്‍ ഹുസൈനെ ഉള്‍പ്പെടുത്തിയെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം. ഇത് സുഖദേവിനെ അപമാനിക്കലാണെന്നും എസ്.എസ്.യു.എന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘ഭഗത് സിംഗ് – രാജ്ഗുരു – സുഖ്‌ദേവ് ഇവരുടെ കഥയില്‍ നിന്നും സുഖ്‌ദേവിന്റെ പേര് മാറ്റി കുര്‍ബാന്‍ ഹുസൈനെ വെച്ചിരിക്കുകയാണ്. മഹരാഷ്ട്ര സ്‌റ്റേറ്റ് ബ്യൂറോ ഓഫ് ടെക്സ്റ്റ് ബുക്ക് പ്രൊഡക്ഷന്‍ & കരിക്കുലം റിസര്‍ച്ചിന്റെ ബാല്‍ഭാരതി പ്രസിദ്ധീകരിക്കുന്ന മറാത്തി ഭാഷ പാഠപുസ്തകത്തിലാണ് ഇങ്ങിനെ ചെയ്തിരിക്കുന്നത്.’ പ്രസ്താവനയില്‍ പറയുന്നത്.

സ്വാതന്ത്ര്യസമരത്തിലെ കുര്‍ബാന്‍ ഹുസൈനിന്റെ സംഭാവനകളെക്കുറിച്ച് പറയണ്ടേത് തന്നെയാണ്. പക്ഷെ അതിനുവേണ്ടി മഹനായ വിപ്ലവകാരിയായ സുഖ്‌ദേവിനെ കഥയില്‍ നിന്നും ഒഴിവാക്കുന്നത് തെറ്റുതന്നെയാണെന്നും എസ്.എസ്.യു.എന്‍ പറയുന്നു.

എത്രയും വേഗം ഈ പാഠഭാഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് ഇവര്‍ കത്തയച്ചിട്ടുണ്ട്. ഇതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകനായ യദുനാഥ് താത്തേ എഴുതിയ പ്രതിഗ്യ എന്ന പുസ്തകത്തിലെ ഭാഗമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മൂന്ന് വര്‍ഷമായി പഠിപ്പിച്ചുക്കൊണ്ടിരിക്കുന്ന പാഠപുസ്തകത്തിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് വിഷയത്തോട് അധികൃതര്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ഭഗത് സിംഗിനെയും രാജ് ഗുരുവിനെയും സുഖദേവിനെയും മുന്‍പ് എങ്ങിനെയാണോ പ്രതിപാദിച്ചിരുന്നത് അതുപോലെ തന്നെയാണ് ഇപ്പോഴും തുടരുന്നത്. കുര്‍ബാന്‍ ഹുസൈന്‍ മഹാരാഷ്ട്രയിലെ മികച്ച സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു കുര്‍ബാന്‍ ഹുസൈന്‍. അദ്ദേഹത്തെയും ചെറുപ്രായത്തില്‍ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊല്ലുകയായിരുന്നെന്നും ഭാല്‍ഭരതി ഡയറക്ടര്‍ ആയ വിവേക് ഗോസാവി അറിയിച്ചു.

പാഠപുസ്തകത്തിനെതിരെ മുന്‍പ് എന്തുകൊണ്ട് ആരോപണം ഉന്നയിച്ചില്ല എന്ന ചോദ്യത്തിന് പുസ്തകത്തിലെ ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നെന്നും അങ്ങിനെയാണ് ശ്രദ്ധയില്‍പ്പെട്ടുന്നതുമാണ് എസ്.എസ്.യു.എന്‍ മറുപടി നല്‍കിയത്.

‘ഏത് സര്‍ക്കാരിന്റെ കാലത്താണ് ഇത് സംഭവിച്ചത് എന്നതിന് പ്രസക്തിയില്ല. ഇത്തരം തെറ്റുകള്‍ എപ്പോള്‍ ചൂണ്ടിക്കാണിച്ചാലും തിരുത്തേണ്ടതാണ്.’ എസ്.എസ്.യു.എന്‍ ഭാരവാഹികള്‍ ദി പ്രിന്റിനോട് പറഞ്ഞു.

‘ഇപ്പോള്‍ തര്‍ക്കം നടക്കുന്ന ഈ പാഠഭാഗമടങ്ങിയ പുസ്തകം ബി.ജെ.പി സര്‍ക്കാരിന്റെ സമയത്താണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. മാത്രമല്ല ഇതൊരു സാഹിത്യകൃതിയാണ്. അങ്ങിനെയൊരു കൃതിയില്‍ മാറ്റം വരുത്തണമെങ്കില്‍ എഴുത്തുകാരന്റെ കുടുംബത്തിന്റെ അനുവാദം വാങ്ങേണ്ടി വരും.’ വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗയ്ക്ക്വാഡ് പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക