ന്യൂദല്‍ഹി: മറാത്ത സംവരണ കേസിലെ വിധി പുനപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹരജി തള്ളിയത്.
പിന്നാക്ക വിഭാഗങ്ങളെ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല. സംസ്ഥാനങ്ങളുടെ അധികാരം റദ്ദാക്കിയതിനതിരെയായിരുന്നു ഹരജി.
സംവരണം 50 ശതമാനം കവിയരുതെന്നും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ നിര്‍ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നുമാണ് മേയ് 5 ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചത്.
ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും മറാത്ത സംവരണം റദ്ദാക്കിയ വിധിപ്രസ്താവത്തില്‍ ഭൂരിപക്ഷ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മറാത്ത സമുദായത്തിന് സംവരണം അനുവദിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക സംവരണത്തിനായി, 50ശതമാനം സംവരണ പരിധി എടുത്തുകളയാന്‍ ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു. അവസര സമത്വം കൈവരിക്കാന്‍ 50 ശതമാനം സംവരണം മതിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
50 ശതമാനം പരമാവധി സംവരണ പരിധിയായി നിശ്ചയിച്ചത് അതു പാലിക്കാനാണ്. പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഏതെങ്കിലും സമുദായത്തെ ചേര്‍ക്കാനും നീക്കാനുമുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും അതുകഴിഞ്ഞാല്‍ പാര്‍ലമെന്റിനാണെന്നും അഞ്ചംഗ ബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍ വിധിയില്‍ വ്യക്തമാക്കിയിരുന്നു.