മുംബൈ: മറാത്തികൾക്ക് സംവരണം നൽകുന്നത് മറ്റു ഒ.ബി.സി വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങൾക്ക് കാരണമാകുമെന്ന് ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകി മന്ത്രിയും ഒ.ബി.സി നേതാവുമായ ചഗാൻ ബുജ്ബാൽ.
മറാത്ത സംവരണം നടപ്പിലായാൽ മറാത്തികൾ ഒരുവശത്തും ഒ.ബി.സി, എസ്.സി, എസ്.ടി, മുസ്‌ലിം വിഭാഗങ്ങൾ മറുവശത്തും അണിനിരക്കുന്നതിനാകും സംസ്ഥാനം സാക്ഷ്യം വഹിക്കുക എന്നും അദ്ദേഹം പറഞ്ഞു. ജാതി സെൻസസാണ് ഇപ്പോൾ രാജ്യത്ത് ഏറ്റവും ആവശ്യമെന്നും ബുജ്ബാൽ പറഞ്ഞു.
‘എല്ലാവരും ജാതി സംവരണത്തെ അനുകൂലിക്കുന്നുണ്ടെങ്കിൽ പിന്നെ എന്താണ് പ്രശ്നം? എല്ലാ പാർട്ടികളും ഒ.ബി.സിക്കാരുടെ ക്ഷേമത്തെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഒ.ബി.സിക്കാരെ ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ടാണ് ആരും കാണാത്തത്?
60 ശതമാനം ഒ.ബി.സി വിഭാഗക്കാരും ബി.ജെ.പിക്കാണ് വോട്ട് ചെയ്യുന്നതെന്ന് അവർ ഒരു റാലിയിൽ പറയുന്നത് ഞാൻ കേട്ടു. അപ്പോൾ തങ്ങളുടെ സംവരണം വെല്ലുവിളി നേരിടുമ്പോൾ ഈ 60 ശതമാനത്തിന് എന്ത് സംഭവിക്കും? അതിനെ കുറിച്ച് ചിന്തിച്ചു നോക്കൂ,’ ജൽനയിൽ ഒ.ബി.സി, വി.ജെ.എൻ.ടി സംഘടനകൾ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ മേഖലയിൽ നിന്നുള്ള ഒ.ബി.സി നേതാക്കൾ പങ്കെടുത്ത റാലിയിൽ എല്ലാവരും മറാത്ത വിഭാഗത്തെ ഒ.ബി.സി സംവരണത്തിൽ ഉൾപ്പെടുത്തുന്നതിനെതിരെ സംസാരിച്ചു.
ഒ.ബി.സിക്കാരെ പ്രകോപിപ്പിക്കരുതെന്നും ഒ.ബി.സിക്കെതിരെയുള്ള പക്ഷാപാതപരമായ നടപടി മറാത്ത വിഭാഗത്തിനെതിരെ ദളിത്, മുസ്‌ലിം, ഗോത്ര വിഭാഗങ്ങൾ ഒരുമിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Maratha reservation: Bhujbal warns of reaction from OBCs, says caste census need of the hour