| Wednesday, 1st November 2023, 9:57 pm

മറാത്ത സംവരണം; മഹാരാഷ്ട്ര സംഘർഷത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് കൊലപാതകശ്രമം ഉൾപ്പെടെ 141 കേസുകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മറാത്ത സമുദായത്തിന് സംവരണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങളിൽ ഏഴ് കൊലപാതക ശ്രമങ്ങൾ ഉൾപ്പെടെ 141 കേസുകളാണ് മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി രജ്നീഷ് സേഥ്.

മഹാരാഷ്ട്രയിലെ സംഘർഷങ്ങളിൽ ഇതുവരെ 168 പേരെ അറസ്റ്റ് ചെയ്തതായും സി.ആർ.പി.സി സെക്ഷൻ 41 എ പ്രകാരം 146 പേർക്ക് നോട്ടീസ് നൽകിയതായും ഡി.ജി.പി പറഞ്ഞു.

‘മറാത്ത സമുദായത്തിന് സംവരണം വേണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലുടനീളം സംഘർഷം നടക്കുകയാണ്. ചില പ്രദേശങ്ങളിൽ സമാധാനപരമായ പ്രതിഷേധങ്ങൾ നടക്കുമ്പോൾ ചിലയിടങ്ങളിൽ അത് അക്രമാസക്തമാകുന്നു.

പൊതുമുതലുകൾ നശിപ്പിച്ചുകൊണ്ട് പ്രതിഷേധം നടത്തിയവർക്കെതിരെ കേസെടുത്തിട്ടുണ്ട്,’ സേഥ് മാധ്യമങ്ങളോട് പറഞ്ഞു.

ഔറംഗാബാദിൽ ഒക്ടോബർ 29നും 21നുമിടയിൽ മാത്രം 106 പ്രതിഷേധക്കാരാണ് അറസ്റ്റിലായത്. ബീഡ് ജില്ലയിൽ രജിസ്റ്റർ ചെയ്ത 20 കേസുകളിൽ എഴെണ്ണം കൊലപാതക ശ്രമത്തിനെതിരെയാണെന്നും പൊലീസ് മേധാവി അറിയിച്ചു.

മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ ഹസൻ മുഷ്‌രിഫിന്റെ കാർ പ്രതിഷേധക്കാർ തല്ലിത്തകർത്തിരുന്നു.

അതേസമയം തന്നെ ലക്ഷ്യം വച്ചാലും മറാത്ത സംവരണത്തെയാണ് താൻ പിന്തുണക്കുന്നതെന്നും താൻ മറാത്ത സമൂഹത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ജൽനയിലും ബീഡിലും അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ്‌ സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.

കേരളത്തിൽ സ്ഫോടനം നടന്നപ്പോൾ നടുക്കം രേഖപ്പെടുത്തിയ സച്ചിൻ ടെൻഡുൽക്കർ സ്വന്തം സംസ്ഥാനം കത്തുന്നത് അറിയുന്നില്ലേ എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു.

Content Highlight: Maratha quota protest: 168 arrested, 141 cases registered so far, says DGP

We use cookies to give you the best possible experience. Learn more